ഒരു വർഷം മുമ്പ് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലയച്ചു
text_fieldsഅബഹ: ഹൃദയാഘാതത്തെ തുടർന്ന് ഒരു വർഷം മുമ്പ് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം സൗദിയിൽനിന്ന് നാട്ടിലെത്തിച്ചു. അബഹയിൽനിന്നും 150 കിലോമീറ്റർ അകലെ മദ്ദ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു ബിഹാർ സ്വദേശി നാഗേന്ദ്ര സിങ് (37) മരിച്ചത്. ശേഷം മൃതദേഹം മൊഹായിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മൃതദേഹത്തിന്റെ രേഖകൾ തെറ്റായി രേഖപ്പെടുത്തിയിരുന്നതും മരിച്ച വ്യക്തിയുടെ അവകാശികളോ സ്പോൺസറോ ആരെന്ന് തിരിച്ചറിയാത്തതുമാണ് മൃതദേഹത്തിന്മേൽ അനന്തര നടപടി എടുക്കാൻ ഇത്രയും ദീർഘമായ കാലതാമസമെടുത്തതെന്ന് സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം കമ്മിറ്റി അംഗവുമായ അഷ്റഫ് കുറ്റിച്ചൽ പറഞ്ഞു. ഒരു വർഷത്തിലേറെയായിട്ടും തൊഴിലുടമയോ, അവകാശികളോ ബന്ധപ്പെടാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ അസീർ ഗവർണറേറ്റിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന്റെ രേഖകളിൽ പാകിസ്താനിയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഫയലിൽ ഇഖാമയോ പാസ്പോർട്ട് കോപ്പിയോ ഇല്ലാത്തതിനാൽ സൗദി എമിഗ്രേഷന്റെ സഹായത്തോടെ വിരളടയാളം പരിശോധിച്ചപ്പോഴാണ് ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് മരിച്ചയാൾ ആരെന്ന് അന്വേഷിക്കാൻ മദ്ദ പൊലീസ് മേധാവി അഷ്റഫ് കുറ്റിച്ചലിന്റെ സഹായം തേടുകയായിരുന്നു. ജവാസാത്തിലെ വിവരങ്ങളിൽനിന്നും കിട്ടിയ തൊഴിലുടമയുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ മൂന്നുവർഷം മുമ്പ് ഫൈനൽ എക്സിറ്റ് വിസയും പാസ്പോർട്ടും ശേഖരിച്ചുപോയ നാഗേന്ദ്ര സിങ് മരിച്ച വിവരം തനിക്കറിയില്ലെന്നും ഇദ്ദേഹം നാട്ടിലെത്തിയിട്ടുണ്ടാവുമെന്നാണ് കരുതിയതെന്നും സ്പോൺസർ പറഞ്ഞു. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം വൈസ് കോൺസുൽ നമോ നാരായൺ മീനയുടെ സഹായത്തോടെ പാസ്പോർട്ടിലെ രേഖകളിൽനിന്നും നാട്ടിലെ മേൽവിലാസം ശേഖരിച്ച് മരിച്ച ആളിന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഫൈസൽ നാഗേന്ദ്ര സിങ്ങിന്റെ ഭാര്യയിൽനിന്ന് സമ്മതപത്രം വാങ്ങി മൃതദേഹം നാട്ടിലയക്കാൻ അഷ്റഫ് കുറ്റിച്ചലിനെ ചുമതലപ്പെടുത്തി.
യാത്രാരേഖയായി മൃതദേഹത്തിന് കോൺസുലേറ്റിൽനിന്നും എമർജൻസി പാസ്പോർട്ടുണ്ടാക്കി, അബഹ നാടുകടത്തൽ കേന്ദ്രത്തിൽനിന്നും വീണ്ടും ഫൈനൽ എക്സിറ്റ് വിസയുമുണ്ടാക്കിയാണ് മൃതദേഹം നാട്ടിലയച്ചത്.
മൃതദേഹം നാട്ടിലയക്കാനുള്ള മുഴുവൻ ചെലവുകളും കോൺസുലേറ്റ് വഹിച്ചു. ബുധനാഴ്ച മൃതദേഹം അബഹയിൽനിന്ന് സൗദിയ വിമാനത്തിൽ റിയാദിലെത്തിച്ചു. അവിടെനിന്ന് എയർ ഇന്ത്യ വിമാനത്തിൽ വ്യാഴാഴ്ച പട്നയിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.