ഒരുമാസം മുമ്പ് കുഴഞ്ഞുവീണ് മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsഅബഹ: ആറുവർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന ഉത്തർപ്രദേശ് സ്വദേശി അവസാനം നാട്ടിലേക്ക് മടങ്ങിയത് ചേതനയറ്റ ശരീരമായി. യു.പി കുഷലഗോൺ സ്വദേശി ശൈഖ് സിക്കന്തർ ഹുസൈനാണ് (57) ഒരു മാസം മുമ്പ് ഖമീസ് മുശൈത്തിൽ മരിച്ചത്. നാട്ടിലേക്കുള്ള വിമാനടിക്കറ്റ് എടുക്കാനായി ഖമീസ് മുശൈത്തിലെത്തിയ ഇദ്ദേഹം റോഡിൽ കുഴഞ്ഞുവീണാണ് മരിച്ചത്. ആറുവർഷം മുമ്പ് നാട്ടിൽനിന്നെത്തിയ ഇദ്ദേഹം ഖാലിദിയയിൽ കെട്ടിട ജോലി ചെയ്തുവരുകയായിരുന്നു.
സൗദിയിലെത്തി ഒരു വർഷമായപ്പോൾ സ്‌പോൺസർ ഇദ്ദേഹത്തെ ഒളിച്ചോട്ടക്കാരനായി (ഹുറൂബ്) രേഖപ്പെടുത്തി. ശേഷം ബാക്കിയുള്ള അഞ്ചുവർഷവും രേഖകളില്ലാതെ ജോലിചെയ്തു വരുന്നതിനിടെ നാട്ടിലേക്ക് മടങ്ങുന്നതിനായി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ നിന്നാണ് വിസ ഫൈനൽ എക്സിറ്റ് നേടിയത്. മരണമടഞ്ഞതിന്റെ പിറ്റേ ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് അബഹയിലെ സാമൂഹിക പ്രവർത്തകനും കോൺസുലേറ്റ് വെൽഫെയർ അംഗവുമായ ബിജു കെ. നായരെ കോൺസുലേറ്റ് ചുമതലപ്പെടുത്തി.
തുടർന്ന് ഇദ്ദേഹം നടപടികൾ പൂർത്തിയാക്കി മൃതദേഹം അബഹയിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിലെത്തിച്ച് അവിടെനിന്ന് ഗൾഫ് എയർ വിമാനത്തിൽ മുംബൈയിൽ എത്തിച്ചു. തുടർന്ന് കുടുംബത്തിന്റെ ഇപ്പോഴത്തെ താമസസ്ഥലമായ മഹാരാഷ്ട്രയിലെ താനയിലെത്തിച്ച് ഖബറടക്കി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ ചെലവുകൾ മുഴുവൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വഹിച്ചു. താഹിറയാണ് ഭാര്യ. മക്കൾ: മൻസർ അബ്ബാസ്, സെയ്ദ് സീനത്ത്, നിക്കാഹത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.