റിയാദിൽ ഗോഡൗണിന് തീപിടിച്ച് മരിച്ച അബ്ദുൽ ജിഷാറിന്റെ മൃതദേഹം ഖബറടക്കി
text_fieldsറിയാദ്: ചൊവ്വാഴ്ച റിയാദ് ഷിഫയിൽ സോഫ സെറ്റ് നിർമാണശാലയുടെ ഗോഡൗണിന് തീപിടിച്ചു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി. മലപ്പുറം നിലമ്പൂർ വഴിക്കടവ് തോട്ടുംകടവത്ത് സ്വദേശി അബ്ദുൽ ജിഷാറിെൻറ (39) മൃതദേഹമാണ് ശുമൈസി ആശുപത്രി മോർച്ചറിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച റിയാദ് മൻസൂരിയ്യ മഖ്ബറയിൽ ഖബറടക്കിയത്. അസീസിയയിലെ പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ചു. നടപടികൾക്ക് കെ.എം.സി.സി പ്രവർത്തകരായ ഉമർ അമാനത്ത്, ഷൗക്കത്ത്, ജംഷി എന്നിവർക്ക് പുറമെ മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡൻറ് സിദ്ദിഖ് കല്ലുമ്പറമ്പൻ, പൊതുപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ എന്നിവർ രംഗത്തുണ്ടായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് അബ്‌ദുൾ ജിഷാർ പണിയെടുത്തിരുന്ന ഗോഡൗണിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു. ആ സമയത്ത് അവിടെ കൂടുതൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ സഹപ്രവർത്തകർ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഭാര്യയുമായി ഫോണിൽ സംസാരിക്കുകയായിരുന്ന ജിഷാറിന് കേൾക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അഗ്നി ഗോഡൗൺ മുഴുവൻ വിഴുങ്ങിക്കഴിഞ്ഞിരുന്നു. സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസിെൻറ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീകെടുത്തി. ഉച്ചയോടെയാണ് ജിഷാറിെൻറ മൃതദേഹം പുറത്തെടുത്തത്. ദീർഘകാലമായി ഇവിടെ ജോലി ചെയ്യുന്ന അബ്ദുൽ ജിഷാർ ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയത്. സാമൂഹികപ്രവർത്തകനായ ഇദ്ദേഹം ഒ.ഐ.സി.സി അംഗമാണ്. പിതാവ്: അബ്ദുറഹ്മാൻ, മാതാവ്: മറിയുമ്മ, ഭാര്യ: സക്കിറ. മക്കൾ: അഫീഫ, റൂബ, ആമീർ, അനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.