താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച സജീവിന്റെ മൃതദേഹം റിയാദിൽ ഖബറടക്കി
text_fieldsറിയാദ്: താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആർ ഹൗസിൽ സജീവ് അബ്ദുൽ റസാഖിന്റെ (47) മൃതദേഹം റിയാദിൽ ഖബറടക്കി. കഴിഞ്ഞ ദിവസം രാത്രി ഇഷാ നമസ്ക്കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ് ഖബറടക്കിയത്. എക്സിസ്റ്റ് 15 ലെ അൽ രാജ്ഹി പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും സജീവിന്റെ സ്പോൺസർ അഹമ്മദ് അബ്ദുല്ല അൽ ഹർബി, ബന്ധുക്കളായ ഡോ. ഷെഫീഖ് (ജിദ്ദ നാഷനൽ ആശുപത്രി), സജീദ്, കെ.എം.സി.സി ഭാരവാഹികളായ റിയാസ്, റഫീഖ്, സുഹൃത്തുക്കളായ നസീം, അജി, ഷിബു, അൻവർ, ബാല, മുനീർ, മാലിക്, സുഹൈൽ, മുഹമ്മദ് ഷാ, നാഷിം തുടങ്ങിയവർ പങ്കെടുത്തു. മരണാനന്തര നിയമ നടപടിക്രമങ്ങൾ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
റിയാദിലെ റൗദയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന സജീവ് ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മരിച്ചത്. വൈകീട്ട് 6.30 ഓടെ ബാത്റൂമിൽ കുഴഞ്ഞു വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. കൂടെ ജോലി ചെയ്യുന്നയാൾ ഉടൻ സ്പോൺസറെ അറിയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിൽ 12 തുന്നലിട്ടു. ശേഷം റൂമിൽ തിരിച്ചെത്തി വിശ്രമിക്കുന്നത് കണ്ടിട്ടാണ് കൂടെയുള്ളയാൾ ഡ്യൂട്ടിക്ക് പോയത്. മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചെത്തുമ്പോൾ നിലത്ത് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഇതിനിടയിൽ സജീവ് നാട്ടിൽ വിളിച്ച് ഭാര്യയോട് വീണതും പരിക്കേറ്റതും ആശുപത്രിയിൽ പോയതും എല്ലാം പറഞ്ഞിരുന്നത്രേ. പോലീസ് എത്തി മൃതദേഹം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ നാട്ടിൽ നിന്നെത്തിയത്. ജൂൺ രണ്ടിന് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. പരേതരായ അബ്ദുൽ റസാഖ്, റുക്കിയ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഷിബിന, മക്കൾ: ദിയ സജീവ്, നിദ ഫാത്തിമ. സഹോദരങ്ങൾ: അൻസർ, നൗഷാദ്, നവാബ്, നവാസ്, താഹിറ, സഫാറൂനിസ, വാഹിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.