കെട്ടിടത്തിൽനിന്നും വീണ് മരിച്ച സജീവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsറിയാദ്: ജോലിക്കിടെ കെട്ടിടത്തിൽനിന്ന് കാൽ തെന്നി വീണ് മരിച്ച കണ്ണൂർ കാപ്പാട് സ്വദേശി സജീവന്റെ (51) മൃതദേഹം നാട്ടിലെത്തിച്ചു. 32 വർഷമായി റിയാദിന് സമീപം മജ്മഅയിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും മജ്മഅ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് റിയാദിലുള്ള അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിച്ചു.
ആശുപത്രിയിൽനിന്നുള്ള വിവരങ്ങൾക്കും മറ്റു സഹായങ്ങൾക്കുമായി സജീവന്റെ സഹോദരനും മകനും കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരെ ബന്ധപ്പെടുകയും തുടർനടപടികൾക്കായി കേളിയുടെ സഹായം അഭ്യർഥിക്കുകയുമായിരുന്നു. തുടർന്ന് ഇന്ത്യൻ എംബസിയുമായും മറ്റും ബന്ധപ്പെട്ട് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലെത്തിച്ചു. ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. സജീവന്റെ മരുമകൻ ശരത് റിയാദിൽനിന്ന് മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോയി. പാറിക്കൽ ഉത്തമൻ - ശാന്ത ദമ്പതികളുടെ മകനാണ് മരിച്ച സജീവൻ. ഭാര്യ: സീമ, മക്കൾ: ജീഷ്മ, ജിഷ്ണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.