ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsഅപ്പാവു മോഹൻ
റിയാദ്: സൗദി മധ്യപ്രവിശ്യയിലെ വാദി ദവാസിറിൽ മരിച്ച തമിഴ്നാട് സ്വദേശി അപ്പാവു മോഹന്റെ (59) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എട്ട് വർഷമായി വാദി ദവാസിറിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അപ്പാവു മോഹൻ. കഴിഞ്ഞ ഫെബ്രുവരി 28ന് വാഹനം ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരനെ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തെത്തിച്ച് വാഹനത്തിൽ തന്നെ വിശ്രമിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരൻ കാണുന്നത് താൻ വന്ന വാഹനത്തിന് ചുറ്റും പൊലീസ് കൂടി നിൽക്കുന്നതാണ്. കാര്യം തിരക്കിയപ്പോഴാണ് ഡ്രൈവർ മരിച്ചതായി അറിയുന്നത്.
വാഹനത്തെ ചുറ്റി പൊലീസ് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട, മോഹനെയും സുഹൃത്തുക്കളെയും അറിയാവുന്ന സൗദി പൗരൻ വിവരം കേളി കലാസാംസ്കാരിക വേദി പ്രവർത്തകനായ സുഹൃത്ത് സുരേഷിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മോഹനന്റെ സഹോദരൻ തങ്കരാജിനെയും കൂട്ടി സൗദി പൗരൻ പറഞ്ഞ സ്ഥലത്തെത്തി.
സഹോദരന്റെ സാന്നിധ്യത്തിൽ പൊലീസ്, ആംബുലൻസ് വരുത്തി മോഹനനെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽനിന്നാണ് മരണം സ്ഥിരീകരിക്കുന്നത്. രണ്ടുവർഷം മുമ്പ് റൂമിൽനിന്ന് അസ്വസ്ഥത പ്രകടിപ്പിച്ച മോഹനനെ സുരേഷും അനുജനും ചേർന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയും അവസ്ഥ മോശമായതിനാൽ എയർ ആംബുലൻസ് വഴി റിയാദിലെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നുവത്രെ. ഇത്തവണ റമദാൻ മാസം കഴിഞ്ഞ് നാട്ടിൽ പോകാനിരിക്കുകയായിരുന്നെന്നും അനുജൻ തങ്കരാജ് പറഞ്ഞു. അപ്പാവു മോഹനന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം അംഗം സുരേഷ് നേതൃത്വം നൽകി. അനുജൻ തങ്കരാജ് വെങ്കിടാചലത്തിന്റെ പേരിൽ നാട്ടിൽനിന്നുള്ള രേഖകൾ വരുത്തിച്ച് സുരേഷിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. വാദി ദവാസിറിലെ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച രാവിലെ ശുമൈസി ആശുപത്രിയിൽ എത്തിക്കുകയും രാത്രി 10.30നുള്ള ഇൻഡിഗോ വിമാനത്തിൽ ഡൽഹി വഴി കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.