സൗദിയിൽ സംസ്കരിച്ച തമിഴ്നാട് സ്വദേശിയൂടെ മൃതദേഹം പുറത്തെടുത്തു
text_fieldsസ്വന്തം ലേഖകൻ
റിയാദ്: സൗദി അറേബ്യയിൽ രണ്ടുമാസം മുമ്പ് സംസ്കരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ആചാരപ്രകാരം സംസ്കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം പുറത്തെടുത്തു. മധ്യപ്രവിശ്യയിലെ ശഖ്‌റയില്‍ അടക്കം ചെയ്ത മധുര തോപ്പുലംപട്ടി സ്വദേശി ആണ്ടിച്ചാമി പളനിസാമിയുടെ (42) മൃതദേഹമാണ് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ പുറത്തെടുത്ത് നാട്ടിലെത്തിക്കാൻ മുന്നിട്ടിറങ്ങിയത്. ശുമൈസി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടൻ നാട്ടിലെത്തിക്കും.
ഇന്ത്യന്‍ എംബസി, ഗവര്‍ണറേറ്റ്, ബലദിയ (മുനിസിപ്പാലിറ്റി), പൊലീസ്, ആശുപത്രി എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച വൈകീട്ടാണ് മൃതദേഹം പുറത്തെടുത്തത്. നാട്ടിൽ കൊണ്ടുപോയി ആചാരപ്രകാരം സംസ്കരിക്കുന്നതിന് സൗദിയില്‍ ഇങ്ങനെ പുറത്തെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരെൻറ മൃതദേഹമാണ് ഇത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആണ്ടിച്ചാമിയെ ഈ വർഷം മെയ് 19നാണ് താമസസ്ഥലത്ത് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുന്നതിനിടെ ജൂണ്‍ 16ന് ശഖ്റയിൽ അടക്കം ചെയ്യുകയായിരുന്നു. നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള എൻ.ഒ.സി ഇന്ത്യന്‍ എംബസി ഇഷ്യു ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് അടക്കം നടന്നത്.
തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എംബസി ഈ വിഷയം കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങിനെ ഏല്‍പ്പിച്ചു. അവര്‍ റിയാദ് ഗവര്‍ണറേറ്റ്, റിയാദ് പൊലീസ്, മജ്മഅ, ശഖ്‌റ എന്നിവിടങ്ങളിലെ പൊലീസ്, ആശുപത്രി അധികൃതർ, മജ്മഅ ഗവര്‍ണറേറ്റ്, ബലദിയ എന്നിവയുമായി ബന്ധപ്പെട്ടാണ് മൃതദേഹം പുറത്തെടുക്കാനുള്ള അനുമതി നേടിയത്.
ശുമൈസി ഫോറൻസിക് ഡിപ്പാര്‍ട്ടുമെന്റിലെ അഞ്ച് ഉദ്യോഗസ്ഥര്‍, എംബസി ഡത്ത് സെക്ഷൻ ഉദ്യോഗസ്ഥന്‍, ശഖ്റയിലെ പൊലീസ് ഉദ്യോഗസ്ഥർ, ബലദിയ ഉദ്യോഗസ്ഥര്‍, റിയാദ് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വളൻറിയറും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, വൈസ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, വിങ് മീഡിയ ചെയർമാൻ സലീം സിയാംകണ്ടം, ഇസ്ഹാഖ് താനൂർ എന്നിവരുടെ നേത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് റിയാദിൽ എത്തിച്ചത്. ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കി ഉടനെ നാട്ടിൽ അയക്കും.
palani swami
ഫോട്ടോ: ആണ്ടിച്ചാമി പളനിസാമി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.