‘ബോളിവാഡ് റൺവേ’യിലേക്ക് സന്ദർശക പ്രവാഹം
text_fieldsറിയാദ്: സന്ദർശകരെ ആകർഷിച്ച് റിയാദ് സീസൺ മേഖലകളിലൊന്നായ ബോളിവാഡ് റൺവേ ഏരിയ. കഴിഞ്ഞ ദിവസം പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ഉദ്ഘാടനം ചെയ്ത, ഏറെ പുതുമകളോടു കൂടിയ ബോളിവാഡ് റൺവേ കാണാൻ സന്ദർശകരുടെ പ്രവാഹം തുടരുകയാണ്. മൂന്ന് ഭീമൻ ബോയിങ് 777 വിമാനങ്ങളിലൂടെ സന്ദർശിക്കാനും വ്യതിരിക്തമായ ലോകങ്ങൾ കണ്ടെത്താനും യഥാർഥ ഫ്ലൈറ്റ് ഡെക്കിന്റെ അനുഭവം ആസ്വദിക്കാനുമുള്ള അവസരം സന്ദർശകർക്ക് നൽകുന്നു. ഈ ഏരിയ നൂതന രീതിയിൽ സന്ദർശകരെ വ്യോമയാനത്തിന്റെയും വിനോദത്തിന്റെയും ലോകത്തേക്ക് കൊണ്ടുപോകുന്നു. യഥാർഥ വിമാനത്താവളങ്ങളുടെ അന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു. വൈകീട്ട് നാല് മുതൽ അർധരാത്രി 12 വരെയാണ് സന്ദർശന സമയം. പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന ഈ ഏരിയയിലെ ‘ടെർമിനൽ എക്സ്’ ആവേശവും സാഹസികതയും നിറഞ്ഞ ലക്ഷ്യസ്ഥാനമാണ്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ആകാശ സാഹസികതയുടെ ലോകത്തെയും അതിശയകരമായ അന്തരീക്ഷത്തെയും സമന്വയിപ്പിക്കുന്ന പത്ത് വൈവിധ്യമാർന്ന അനുഭവങ്ങൾ ആസ്വദിക്കാനാകും.
സംവേദനാത്മക പ്രവർത്തനങ്ങളും വിനോദവും സമന്വയിപ്പിക്കുന്ന ഒരു മികച്ച വിനോദ കേന്ദ്രമായാണ് ഈ ഏരിയ രൂപകൽപന ചെയ്തിരിക്കുന്നത്. ഇവന്റിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളിലൊന്നാണ് ‘ടേക് ഓഫ്’ ഏരിയ. ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കും പൂർണ സുരക്ഷയിൽ രൂപകൽപന ചെയ്ത മോഡലുകളിൽ ചാടി കളിക്കാൻ കഴിയും. ‘കൺട്രോൾ ടവറി’ലെ സന്ദർശകർക്ക് പ്രസിദ്ധമായ ‘മൈക്ക് മജലാക്ക്’ ബർഗർ രുചിച്ചുനോക്കാൻ കഴിയും. ആധികാരിക പാചകരീതി ഇഷ്ടപ്പെടുന്നവർക്ക് ‘അങ്കിൾ ഹുസൈൻ’ തന്റെ വിമാനത്തിനുള്ളിൽ ഒരു അതുല്യ അനുഭവം പ്രദാനം ചെയ്യുന്നു. ഓറിയന്റൽ പാചകരീതിയുടെ ആധികാരികതയെ പ്രതിനിധീകരിക്കുന്ന വിഭവങ്ങൾ അവിടെ ആസ്വദിക്കാനാകും. കൂടാതെ ‘മിസ്സിങ് ബോയിങ് 777’ൽ സന്ദർശകർക്ക് ഭയാനകവും ആവേശവും നിറഞ്ഞ യാത്രാനുഭവങ്ങൾ ലഭിക്കും. അങ്ങനെ സന്ദർശകർക്ക് വിനോദം, സാഹസികത, സ്വാദിഷ്ടമായ രുചികൾ എന്നിവയുടെ മിശ്രിതം വാഗ്ദാനം ചെയ്യുന്ന ബോളിവാഡ് റൺവേ ഈ വർഷത്തെ റിയാദ് സീസണിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.