ദമ്മാമിലെ ആദ്യ പുസ്തകമേളക്ക് മികച്ച പ്രതികരണം
text_fieldsദമ്മാം: അക്ഷര സ്നേഹികൾക്കായി പുസ്തക കാഴ്ചകളൊരുക്കി ദഹ്റാൻ ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ (ദഹ്റാൻ എക്സ്പോ) വ്യാഴാഴ്ച ആരംഭിച്ച അൽശർഖിയ ബുക്ക് ഫെയർ ശ്രദ്ധേയമാകുന്നു. വായനയും സാഹിത്യവും ഇഷ്ടപ്പെടുന്നവർക്കായി 500 സൗദി, അറബ്, അന്തർദേശീയ പ്രസാധകരുടെ പ്രസിദ്ധീകരണങ്ങളുടെ ഏറ്റവും പുതിയ പതിപ്പുകൾ 350ലധികം പവിലിയനുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമീഷൻ സംഘടിപ്പിച്ച പുസ്തകമേള ഈമാസം 11 വരെ നീണ്ടുനിൽക്കും.
മലയാളികൾ ഉൾപ്പെടെ അനവധി പ്രവാസികളാണ് ദിനവും മേള സന്ദർശിക്കുന്നത്. വരും കാലങ്ങളിൽ മലയാളം ഉൾപ്പെടെയുള്ള പ്രസാധകർ മേളയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രദ്ധേയമായ ഷാർജ ബുക് ഫെയറിനോട് കിടപിടിക്കുന്ന സംവിധാനങ്ങളോടെ തന്നെയാണ് ദമ്മാമിലും മേളയൊരുക്കിയിരിക്കുന്നത്. സൗദിയുടെ മണ്ണിലേക്ക് ലോക സംസ്കാരങ്ങളുടെ നന്മകളെ കൂട്ടിക്കൊണ്ടുവരാനുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ ഭാഗം കൂടിയാണിത്.
‘പ്രദർശനം, സംസ്കാരം, നാഗരികത, കല’ എന്ന് പേരിട്ടിരിക്കുന്ന എഴുത്തുകാരുടെയും വായനക്കാരുടെയും ഉത്സവം കിഴക്കൻ പ്രവിശ്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പുസ്തകമേളയാണ്. 140-ലധികം സാംസ്കാരിക-സാഹിത്യ പരിപാടികൾ മേളയുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടത്തും. മേളയുടെ അവസാന ദിവസങ്ങളിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ഡയലോഗ് സെഷനുകൾ, ശിൽപശാലകൾ, കവിത സായാഹ്നങ്ങൾ, സൗദി നാഷനൽ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കവിതകളുടെ ആലാപനം എന്നിവയുമുണ്ടാകും.
പുസ്തകമേളയുടെ സാംസ്കാരിക പങ്കാളിയായ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ (ഇത്റ) മേളയോടനുബന്ധിച്ച് പ്രത്യേക സാംസ്കാരിക പരിപാടി സംഘടിപ്പിക്കും. കുട്ടികളുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ വിപുലീകരണത്തോടൊപ്പം ഗുണപരവും സവിശേഷവുമായ സാംസ്കാരിക പരിപാടികളും മേളയിൽ ഉൾപ്പെടുന്നു. സാംസ്കാരിക പരിപാടി പ്രാദേശിക, മേഖല, ആഗോള തലങ്ങളിലെ പ്രഭാഷകർ, സംവാദകർ, ബുദ്ധിജീവികൾ, എഴുത്തുകാർ, പ്രസിദ്ധീകരണ വ്യവസായത്തിലെ പ്രമുഖന്മാർ തുടങ്ങിയ സാഹിത്യ, സാംസ്കാരിക പ്രതിനിധികളെ ആകർഷിക്കുന്നു.
സാഹിത്യ നിർമാതാക്കളെ ഒരുമിച്ചുകൊണ്ടുവരുന്ന സാംസ്കാരിക ജാലകമാണ് മേളയെന്ന് കമീഷൻ സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അൽവാൻ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രസാധകർക്കും സാഹിത്യകാരന്മാർക്കും അവരുടെ ഏറ്റവും പുതിയ സാഹിത്യ, വൈജ്ഞാനിക, ശാസ്ത്രീയ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്നതിന് മേള അതുല്യ ജാലകമായി മാറും. സന്ദർശകർക്കും പുസ്തക പ്രേമികൾക്കും എഴുത്തുകാരെയും സാഹിത്യകാരന്മാരെയും ഒരിടത്ത് കാണാനുള്ള അവസരവും മേള ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2023ൽ സൗദി അറേബ്യയിൽ നടക്കുന്ന ആദ്യ പുസ്തകമേളയാണ് അൽശർഖിയ. കഴിഞ്ഞവർഷം അവസാനം മദീന, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ തുടർച്ചയായി പുസ്തകമേളകൾ നടത്തിയതിന് ശേഷം കമീഷന്റെ സുപ്രധാന പരിപാടികളിലൊന്നായ ബുക്ക് ഫെയർ പ്രോഗ്രാമിൽ ഉൾപ്പെടുന്നതാണ് ദഹ്റാനിൽ സംഘടിപ്പിച്ചിരിക്കുന്ന പുസ്തകമേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.