പുസ്തകമേളയിലേക്ക് സന്ദർശക പ്രവാഹം; മൂന്നുദിവസത്തിൽ ഒന്നേകാൽ ലക്ഷം
text_fieldsജിദ്ദ: മൂന്നാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള കാണാൻ സന്ദർശക പ്രവാഹം. മേള തുടങ്ങി മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും സന്ദർശകരുടെ എണ്ണം 1,20,000 കവിഞ്ഞതായാണ് റിപ്പോർട്ട്. ‘പുസ്തകം സംസ്കാരമാണ്’ എന്ന തലക്കെട്ടിെലാരുക്കിയ മേള കഴിഞ്ഞ ബുധനാഴ്ചയാണ് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തത്. വ്യാഴം മുതലായിരുന്നു സന്ദർശകർക്ക് പ്രവേശനം നൽകിയത്. അവധി ദിവസങ്ങളായതിനാൽ സ്വദേശികളും വിദേശികളുമായ നിരവധി ആളുകളാണ് മേള കാണാനെത്തിയത്.
മൂന്ന് പ്രധാന കവാടങ്ങളും ആറ് ചെറിയ കവാടങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സ്റ്റാളുകൾ പ്രവർത്തിക്കുന്ന സ്ഥലവും പുസ്തകം കണ്ടെത്താനും പ്രത്യേക സംവിധാനങ്ങളുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള 500 ലധികം പ്രസാധകർ പെങ്കടുക്കുന്ന മേളയിൽ സാഹിത്യത്തിന് പുറമെ ചരിത്രം, ശാസ്ത്രം, ഭാഷാപഠനം, ആരോഗ്യം, നിഘണ്ടുകൾ തുടങ്ങിയ വിഷയങ്ങളിലായി 3.5 ദശലക്ഷം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യത്തിനും നോവലുകൾക്കും സൗന്ദര്യം, പാചകം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾക്കുമാണ് ഏറെ പ്രിയം. മേളയുടെ വിവിധ ഭാഗങ്ങളിൽ കാലിഗ്രഫികളും വിവിധ രാജ്യങ്ങളുടെ തനതുകലകളും തുറന്നുകാട്ടുന്നതിനായി പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്.
ദിവസം സാംസ്കാരിക വിനോദ പരിപാടികളും ഉണ്ട്. കുട്ടികൾക്കായുള്ള സിനിമകളും ഡ്രാമകളും ഉൾപ്പെടും. പൊലീസ്, ട്രാഫിക്, റെഡ്ക്രസൻറ്, ആരോഗ്യകാര്യാലയം തുടങ്ങിയ വകുപ്പുകൾ സേവന നിരതരാണ്. മൂന്ന് ദിവസത്തിനുള്ളിൽ 15 ഒാളം പേർക്ക് പ്രാഥമിക ശുശ്രുഷാ സേവനം ലഭ്യമാക്കിയതായി റെഡ്ക്രസൻറ് വക്താവ് അബ്ദുല്ല അഹ്മദ് അബൂസൈദ് പറഞ്ഞു. മേളയുടെ വടക്ക്, തെക്ക് ഗേറ്റുകൾക്ക് ആറ് ആംബുലൻസുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ഗോൾഫ് വണ്ടികളുമുണ്ട്. മേള കഴിയുന്നതുവരെ സേവനത്തിന് അഞ്ച് സംഘങ്ങൾ സ്ഥലത്തുണ്ടെന്നും റെഡ്ക്രസൻറ് വക്താവ് പറഞ്ഞു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന മേള ഇൗമാസം 24 ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.