പുസ്തകോത്സവം ഇന്നുമുതൽ; ഇന്ത്യയിൽനിന്ന് 10 പ്രസാധകർ
text_fieldsറിയാദ്: വായനയുടെ വസന്തകാലത്തെ മാടിവിളിച്ച് റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വെള്ളിയാഴ്ച തുടക്കം. എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെൻററിൽ ഒക്ടോബർ എട്ടുവരെ 10 ദിവസം രാവിലെ 11 മുതൽ രാത്രി 12 വരെയാണ് സന്ദർശന സമയം.
ഇന്ത്യയിൽനിന്ന് 10 പ്രസാധകരാണ് പങ്കെടുക്കുന്നത്. അതിൽ നാലു പ്രസാധകർ കേരളത്തിൽനിന്നാണ്. ഒലിവ് പബ്ലിക്കേഷൻ (സ്റ്റാൾ നമ്പർ E15), ഹരിതം ബുക്സ് (E13), ടി.ബി.എസ്-പൂർണ പബ്ലിഷേഴ്സ് (I29), ക്രിയേറ്റിവ് എജുക്കേഷനൽ (E40), വൈസ് ഈഗിൾ (E35), ബൈജാൻ പബ്ലിഷേഴ്സ് (E37), നഗീം പ്രിൻറ് പ്രൈവറ്റ് ലിമിറ്റഡ് (E38), നഗീം പ്രകാശൻ (E39), ഡി.സി ബുക്സ് (E41), സിക്സ്ത് സെൻസ് (E36) എന്നിവയാണ് ഇന്ത്യയിൽനിന്ന് എത്തുന്നത്.
മൊത്തം 32 രാജ്യങ്ങളിൽനിന്ന് 900ത്തിലേറെ പ്രസാധകർ എത്തും. വിശാലമായ ഉത്സവനഗരിയിൽ എല്ലാ പ്രസാധകർക്കും വിപുലമായ സ്റ്റാളുകളുണ്ടാവും. അറബി, ഇംഗ്ലിഷ്, ഫ്രഞ്ച്, ജർമൻ, ചൈനീസ്, ഹിന്ദി, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ പ്രദർശനത്തിലുണ്ടാവും.
ഏറ്റവും കൂടുതൽ സ്റ്റാളുകൾ സൗദിയിൽനിന്നുള്ള പ്രസാധകരുടേതാണ്. 336 സ്റ്റാളുകൾ സൗദിയുടേതായി അണിനിരക്കുക. ഇത്തവണത്തെ അതിഥി രാജ്യമായ തുനീഷ്യയിൽനിന്ന് 16 പ്രസാധകരാണ് എത്തുന്നത്. അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ജർമനി, തുർക്കി, ഫ്രാൻസ്, ആസ്ട്രേലിയ, ചൈന, സുഡാൻ, ഇറാഖ്, ഫലസ്തീൻ, സിറിയ, ജോർഡൻ, വിവിധ ഗൾഫ് രാജ്യങ്ങൾ, ലബനാൻ, മൗറിത്താനിയ തുടങ്ങിയ 32 ലോകരാജ്യങ്ങളിൽനിന്ന് പ്രമുഖ പ്രസാധകരാണ് ആയിരത്തോളം സ്റ്റാളുകളുമായി അണിനിരക്കുന്നത്.
മലയാളി എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, എൻ.പി. ഹാഫിസ് മുഹമ്മദ് എന്നിവരും എം.കെ. മുനീർ എം.എൽ.എയും ഗൾഫിലെയും കേരളത്തിലെയും മറ്റ് എഴുത്തുകാരുമെല്ലാം എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.