‘ദി കൺട്രി ഓഫ് ദി ട്വൻറി ഫസ്റ്റ് സെഞ്ച്വറി’ പുസ്തക പ്രകാശനം
text_fieldsഎം.പി. ഷഹ്ദാൻ രചിച്ച ‘സൗദി അറേബ്യ: ദി കൺട്രി ഓഫ് ദി ട്വൻറി ഫസ്റ്റ് സെഞ്ച്വറി’ എന്ന പുസ്തകം ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പ്രകാശനം ചെയ്യുന്നു
റിയാദ്: റിയാദിലെ പ്രവാസിയും സാംസ്കാരിക പ്രവർത്തകനുമായ എം.പി. ഷഹ്ദാൻ രചിച്ച ‘സൗദി അറേബ്യ: ദി കൺട്രി ഓഫ് ദി ട്വൻറി ഫസ്റ്റ് സെഞ്ച്വറി’ എന്ന പുസ്തകം ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പ്രകാശനം ചെയ്തു. ഡി.സി.എം അബു മാത്തൻ ജോർജ്, പ്രവാസി സമ്മാൻ ജേതാവും സമൂഹിക പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട്, ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ സലീം മാഹി എന്നിവർ സന്നിഹിതരായിരുന്നു. ‘നോ മാൻസ് ലാൻഡ്’ എന്ന ചെറുകഥാ സമാഹാരത്തിന് ശേഷമുള്ള ഷഹ്ദാന്റെ രണ്ടാമത്തെ പുസ്തകമാണിത്.
സൗദി അറേബ്യയുടെ അഭൂതപൂർവമായ വികസനപ്രവർത്തനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം ഇംഗ്ലീഷ് ഭാഷയിലാണ് രചിച്ചിരിക്കുന്നത്. 200ഓളം പേജുകളും 21 അധ്യായങ്ങളുമുള്ള ഈ പുസ്തകത്തിന്റെ ഉള്ളടക്കം രണ്ട് ഭാഗമായി തിരിച്ചിരിക്കുന്നു. ഇസ്ലാമിന്റെ ആവിർഭാവം മുതൽ ആധുനിക സൗദിയുടെ മുൻ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ കാലഘട്ടം വരെ ചുരുങ്ങിയ രൂപത്തിൽ പരിചയപ്പെടുത്തുന്നതാണ് ആദ്യ ഭാഗം.
രണ്ടാം ഭാഗത്ത് സൽമാൻ രാജാവ് ഭരണം ഏറ്റെടുത്തത് മുതൽ രാജ്യം സാക്ഷ്യംവഹിക്കുന്ന അഭൂതപൂർവമായ വികസനങ്ങളും അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ രാജ്യത്തിന്റെ ഭാവിയെ മാറ്റിയെഴുതുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു.
ലോകചരിത്രത്തിൽ തന്നെ മറ്റൊരു രാജ്യം ഇത്ര ധൃുതഗതിയിൽ ജീവിതത്തിന്റെ സകലമേഖലകളെയും മാറ്റിമറിക്കുന്ന രീതിയിൽ പരിവർത്തനങ്ങൾ കൊണ്ട് വന്നിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
സൗദിയിലെ പ്രമുഖ ജേർണലിസ്റ്റും സോഷ്യൽ ആക്ടിവിസ്റ്റുമായ അറബ് ന്യൂസ് മുൻ എഡിറ്റർ ഇൻ ചീഫ് ഖാലിദ് അൽ മഈനയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
ക്ലെവർഫോക്സ് ആണ് പബ്ലിഷർ. അമസോൺ, ഫ്ലിപ്കാർട്ട്, സിഫിബിസ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി പുസ്തകം വാങ്ങാവുന്നതാണ്. കൂടാതെ അമസോൺ കിൻഡിൽ ഇ-കോപ്പിയും വായനക്കായി ലഭ്യമാണ്. കോഴിക്കോട് സ്വദേശിയായ എം.പി. ഷഹ്ദാൻ റിയാദ് റോയൽ കമീഷനിൽ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻറായി ജോലി ചെയ്യുകയാണ്.
സേവ സ്കൂൾ അധ്യാപികയായ ഫജ്ന കോട്ടപ്പറമ്പിൽ ഭാര്യയാണ്. വിദ്യാർഥികളായ നെയ്റ ഷഹ്ദാൻ, അമൻ മുഹമ്മദ് എന്നിവർ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.