വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവുമായി തബൂക്ക്
text_fieldsജുബൈൽ: പുരാതന ചരിത്ര പൈതൃകങ്ങളും പ്രകൃതിഭംഗിയുംകൊണ്ട് സമ്പന്നമായ തബൂക്ക് സൗദിയുടെ വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവ് സൃഷ്ടിക്കുന്നു. താഴ്വരകൾ, മരുപ്പച്ചകൾ, അരുവികൾ, മനോഹരമായ മണൽക്കല്ലുകൾ, ഉയരമുള്ള ഈന്തപ്പനകൾ എന്നിവ നിറഞ്ഞുനിൽകുന്ന തബൂക്കിെൻറ വിസ്മയങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. പുരാതന വ്യാപാര മാർഗമായിരുന്ന തബൂക്കിലൂടെ കടന്നുപോയവരും തദ്ദേശീയർക്കും കുടിവെള്ളത്തിനായി ഇവിടത്തെ ഉറവകളെയാണ് ആശ്രയിച്ചിരുന്നത്. തബൂക്കിെൻറ ചരിത്ര ആകർഷണങ്ങളുടെ ശേഖരത്തിൽ നാല് നൂറ്റാണ്ടിലേറെയായി നാടിെൻറ സംസ്കാരത്തിെൻറ കഥ പറയുന്ന തബൂക്ക് കോട്ടയും ഉൾപ്പെടുന്നു. മഘൈർ ശുഐബാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇവിടെ പർവതങ്ങളിൽ കൊത്തിയെടുത്ത വീടുകളും ഉൾഭാഗങ്ങളിൽ സൗന്ദര്യാത്മക കൊത്തുപണികളും നിറയെകാണാം. നബാറ്റിയൻ ശവകുടീരങ്ങളുള്ള ദിസ ഗ്രാമം പൂർണമായും പുരാവസ്തു പ്രദേശമാണ്. ശവകുടീരങ്ങളുടെ മുൻഭാഗങ്ങൾ പാറകളിൽ കൊത്തിവെച്ചവയാണ്. ബി.സി രണ്ടാം സഹസ്രാബ്ദത്തിെൻറ അവസാനത്തിലാണെന്ന് കരുതപ്പെടുന്ന ഇത്തരം ശവകുടീരങ്ങൾ അൽ-ബഡ എന്നറിയപ്പെടുന്ന മുഗൈർ ഷുഐബിെൻറ മരുപ്പച്ചയിലും കാണാം.
ഖുർആനിൽ പരാമർശിക്കപ്പെട്ട, ഈജിപ്ത് വിട്ടശേഷം പ്രവാചകൻ മൂസ എത്തിച്ചേർന്ന സ്ഥലമെന്ന് പലരും വിശ്വസിക്കുന്ന മദ്യൻ നഗരവും ഇവിടെയാണ്. വീടുകളും ആരാധന സ്ഥലങ്ങളും ഇവിടത്തെ പർവതങ്ങളിൽ കൊത്തിെവച്ചിട്ടുണ്ട്. അവയുടെ പ്രവേശന കവാടങ്ങൾ സങ്കീർണമായ ചിത്രകലകൾകൊണ്ട് സമ്പന്നമാണ്. ഫോട്ടോഗ്രഫി പ്രേമികൾക്ക് ഈ പ്രദേശം ഏറെ പ്രയോജനപ്പെടും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തബൂക്ക് ആഭ്യന്തര ടൂറിസം മേഖലയിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. വെള്ളത്തിെൻറയും വായുവിെൻറയും മണ്ണൊലിപ്പ് സൃഷ്ടിച്ച മനോഹരമായ ശിൽപങ്ങൾ കാണികളെ വിസ്മയിപ്പിക്കും. വിവിധ നാഗരികതകൾ തബൂക്കിൽ കടന്നുപോയിട്ടുണ്ടെന്ന് ഓരോ പുരാതന വസ്തുക്കളും ശിലാ ചിത്രങ്ങളും സന്ദർശകരോട് പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.