സൗദി തിയറ്ററുകളെ ഇളക്കിമറിക്കാൻ ‘ബോൺ എ കിങ്’
text_fieldsമനാമ: 35 വർഷത്തെ ഇടവേളക്കുശേഷം, 2018 മാർച്ചിൽ സൗദി അറേബ്യയിൽ വെള്ളിത്തിരയുടെ വർണവെളിച്ചവുമായെത്താനുള്ള നിയോഗം ‘ബോൺ എ കിങ്’ എന്ന ചലച്ചിത്രത്തിന്. രാജ്യത്ത് മൂന്നു പതിറ്റാണ്ടിലേറെയായി തുടരുന്ന സിനിമാവിലക്ക് നീക്കുന്നതിന് ഇൗ മാസമാദ്യം സൽമാൻ രാജാവ് ഉത്തരവിട്ടതോടെയാണ് സൗദിയിൽ സിനിമാപ്രദർശനത്തിന് വഴിയൊരുങ്ങിയത്.
സൗദി മുൻ രാജാവ് ഫൈസൽ ബിൻ അബ്ദുൽ അസീസിെൻറ കഥ പറയുന്ന ചലച്ചിത്രം ബ്രിട്ടനിൽ പണിപ്പുരയിലാണ്. ഫെബ്രുവരിയിലാണ് നിർമാണം പൂർത്തിയാകുക. ലോഡ് കഴ്സൺ, വിൻസ്റ്റൻ ചർച്ചിൽ തുടങ്ങിയ ബ്രിട്ടീഷ് നേതാക്കളുമായി കൂടിയാലോചന നടത്താൻ ഫൈസൽ രാജാവിനെ 14ാം വയസ്സിൽ ഇംഗ്ലണ്ടിലേക്കയച്ചതാണ് സിനിമയുടെ പ്രമേയം. വൈദേശികവും സ്വദേശീയവുമായി അക്കാലത്ത് സൗദി അറേബ്യ കടന്നുപോയ വെല്ലുവിളികൾ സിനിമ വരച്ചുകാണിക്കുന്നു.
അന്താരാഷ്ട്ര റിലീസിനുമുമ്പ് ചിത്രം റിയാദിൽ പ്രദർശിപ്പിക്കും. ഹെൻറി ഫിറ്റ്്സ്ബർട് കഥയെഴുതുന്ന സിനിമ അഗസ്റ്റി വില്ലാറോംഗയാണ് സംവിധാനം ചെയ്യുന്നത്. ഹെർമിയോൺ കോർഫീൽഡ്, എഡ് സ്ക്രെയിൻ, ലോറൻസ് ഫോക്സ്, ജെയിംസ് ഫ്ലീറ്റ്, കെന്നത്ത് ക്രാൻഹാം, എയ്ഡൻ മക്കാർഡിൽ, ഡില്യാന ബോക്ലീവ എന്നിവർ പ്രധാന വേഷങ്ങളിലെത്തും.
അതേസമയം, സൗദിയിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രം രജനികാന്തിെൻറ 2.0 ആയിരിക്കുമെന്നാണ് സൂചന. ഇനി റിലീസ് ദിവസംതന്നെ സ്വന്തം ഭാഷാചിത്രങ്ങൾ കാണാനാകുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ മലയാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.