ബ്രാൻഡിങ് നടപടികൾ തുടങ്ങി; റിയാദിലെ ‘ഖിദ്ദിയ’ ആഗോള വിനോദ നഗരമാകുമെന്ന് കിരീടാവകാശി
text_fieldsറിയാദ്: വിനോദ, കായിക, സാംസ്കാരിക രംഗങ്ങളിൽ സമീപഭാവിയിൽ ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. തലസ്ഥാനമായ റിയാദിന് സമീപം നിർമാണം പൂർത്തിയാകുന്ന പദ്ധതിയുടെ ആഗോള ബ്രാൻഡിങ് നടപടി സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഈ നഗരം രാജ്യത്തിന്റെ ആഗോളസ്ഥാനത്തെയും സ്വന്തം സമ്പദ്വ്യവസ്ഥയെയും ക്രിയാത്മകമായി പ്രതിഫലിപ്പിക്കും.
റിയാദിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കും നഗരവാസികളുടെ ജീവിതനിലവാരം ഉയർത്താനും ലോകത്തിലെ ഏറ്റവും വലിയ 10 നഗരങ്ങളിലൊന്നാക്കി മാറ്റാനും ഖിദ്ദിയ വലിയ പങ്കുവഹിക്കും. ഖിദ്ദിയ പദ്ധതിക്ക് വേണ്ടിയുള്ള ഗുണപരമായ നിക്ഷേപം ‘വിഷൻ 2030’ന്റെ സ്തംഭങ്ങളിൽ ഒന്നാണ്.പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും സൗദി യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
പൊതുനിക്ഷേപ ഫണ്ടിന്റെ പ്രധാന പദ്ധതികളിലൊന്നാണ് ഖിദ്ദിയ നഗരം. രാജ്യവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനു പുറമേ രാജ്യത്തിന്റെ വിനോദസഞ്ചാരത്തിനും സാമ്പത്തിക ലക്ഷ്യങ്ങൾക്കും ആവശ്യമായ പിന്തുണയുടെ ഉറവിടമാണ്. റിയാദ് നഗരത്തെ പിന്തുണയ്ക്കുന്ന പ്രാദേശിക, അന്തർദേശീയ നിക്ഷേപകരെ ആകർഷിക്കാൻ ഇത് സഹായകമാകും. ഏകദേശം 1,000 കോടി റിയാൽ ഇതിനകം മുടക്കിക്കഴിഞ്ഞു. ‘ഖിദ്ദിയ’ എന്നാൽ ‘കളി’ എന്നാണ് ആശയം. മനുഷ്യെൻറ വൈജ്ഞാനിക വികസനം, വൈകാരിക പ്രകടനങ്ങൾ, സാമൂഹിക കഴിവുകൾ, സർഗാത്മകത, ശാരീരിക ആരോഗ്യം എന്നിവയുടെ സുപ്രധാന ഘടകമാണ് കളിയെന്ന് തെളിയിച്ച ദശാബ്ദങ്ങൾ നീണ്ട ഗവേഷണ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് അത്.
വിനോദം, കായികം, സാംസ്കാരിക തലങ്ങളിൽ ആസ്വാദ്യകരമായ അനുഭവങ്ങൾ സന്ദർശകർക്ക് ഖിദ്ദിയ നഗരം പകർന്നുനൽകും. 360 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആറ് ലക്ഷം കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് നഗരം. ആറ് ലക്ഷത്തിലധികം ആളുകൾക്ക് ഇവിടെ താമസിക്കാനാകും. 3.25 ലക്ഷം തൊഴിലവസരങ്ങളുണ്ടാവും. ഇത് മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഏകദേശം 135 ശതകോടി സൗദി റിയാലിന്റെ വർധനവ് കൈവരിക്കും. ലോകോത്തരമായ നിരവധി ലാൻഡ്മാർക്കുകളും അതുല്യമായ സ്വഭാവമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ്. ഖിദ്ദിയ നഗരം പ്രതിവർഷം 4.8 കോടി സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിനോദ നഗരമാണിതെന്നും കിരീടാവകാശി പറഞ്ഞു.
റിയാദ് നഗരമധ്യത്ത് നിന്ന് 40 മിനിറ്റ് അകലെ തുവൈഖ് മലനിരകളുടെ ഹൃദയഭാഗത്താണ് ഖിദ്ദിയ പദ്ധതി പ്രദേശം. പ്രകൃതിദത്ത ലാൻഡ്മാർക്കുകളുടെയും അതുല്യമായ പാരിസ്ഥിതിക സമ്പത്തിന്റെയും അസാധാരണമായ കാഴ്ചകളാണ് ഇതിന്റെ സവിശേഷത.
ഇലക്ട്രോണിക് ഗെയിമുകൾക്കായുള്ള ആഗോള ആസ്ഥാനമായിരിക്കും ഇത്. ഒപ്പം മോട്ടോർ സ്പോർട്സിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാവും. ഫോർമുല വൺ റേസിങ് ട്രാക്ക്, രണ്ട് ഗോൾഫ് കോഴ്സുകൾ, ലോകത്തിലെ ഏറ്റവും വലിയ ഒളിമ്പിക് മ്യൂസിയം ഉൾക്കൊള്ളുന്ന ഫുട്ബാൾ സ്പോർട്സ് സിറ്റി, സിക്സ് ഫ്ലാഗ്സ് തീം പാർക്ക്, വാട്ടർ തീം പാർക്ക് എന്നിവയും ഇൗ വിനോദ നഗരത്തിലുണ്ടാവും. ഇതിൽ ചിലതെല്ലാം അടുത്ത രണ്ട് വർഷത്തിനുള്ളിൽ തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.