ബ്രിട്ടീഷ് സംഘത്തിന്റെ 500 കിലോമീറ്റർ ഒട്ടകയാത്ര അവസാനിച്ചു
text_fieldsമരുഭൂമിയിലൂടെ 500 കിലോമീറ്റർ ഒട്ടകയാത്ര നടത്തിയ ബ്രിട്ടീഷ് സംഘം
ജിദ്ദ: സൗദി മരുഭൂമിയിലൂടെ ഒട്ടകപ്പുറത്തേറി കിലോമീറ്ററുകൾ താണ്ടിയുള്ള യാത്ര പൂർത്തിയാക്കിയ സന്തോഷത്തിലാണ് അഞ്ച് ബ്രിട്ടീഷ് പൗരന്മാർ. കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് സംരക്ഷിത പ്രദേശത്തിനുള്ളിൽ ഒമ്പത് ദിവസത്തെ യാത്രയിൽ 500 കിലോമീറ്റർ ദൂരമാണ് ഇവർ ഒട്ടകപ്പുറത്ത് സഞ്ചരിച്ച് പൂർത്തിയാക്കിയത്.
ഹോവാർഡ് ലീഡാം, ക്രെയ്ഗ് റോസ്, മാർട്ടിൻ തോംസൺ, മൈക്കൽ ബേക്കർ, ജെയിംസ് കാൾഡർ എന്നിവരാണ് ഈ സാഹസികയാത്ര നടത്തിയത്. പ്രകൃതി ഭംഗിയും മനോഹാരിതയും പുരാവസ്തു ചരിത്രത്തിന്റെ പ്രാചീന ശേഷിപ്പുമെല്ലാം അനുഭവിച്ചറിയുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെയായിരുന്നു യാത്ര. ദിവസവും 50 കിലോമീറ്ററോളം റിസർവിനുള്ളിൽ യാത്ര തുടർന്ന് ഇരുട്ടുമ്പോൾ വിശ്രമിച്ച് അടുത്ത ദിവസത്തെ യാത്രക്കുള്ള ഒരുക്കം നടത്തുകയായിരുന്നു പതിവ്.
തബൂക്ക് മേഖലയുടെ ഭാഗമായ അൽ ഖലിബ നഗരത്തിൽനിന്ന് ആരംഭിച്ച് വടക്കൻ അതിർത്തി പ്രദേശമായ അൽ ഹദീതയിൽ യാത്ര അവസാനിപ്പിച്ചു.
യാത്രയിലുടനീളം മനോഹരമായ പർവതങ്ങൾ, പഴയകാല അഗ്നിപർവതങ്ങൾ, വിശാലമായ ഉപ്പ് തടാകങ്ങൾ, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമികൾ, സ്വർണനിറത്തിലുള്ള കഴുകന്മാർ, മരുഭൂമിയിലെ കുറുക്കന്മാർ, വിവിധ തരം പക്ഷികൾ, വ്യത്യസ്ത വന്യജീവികൾ, മനോഹരമായ മരുപ്പച്ചകൾ തുടങ്ങിയവയെല്ലാം തങ്ങളുടെ യാത്രയിൽ കാണാൻ കഴിഞ്ഞതായും ഇതൊരു അവിസ്മരണീയ യാത്ര ആയിരുന്നെന്നും സംഘാംഗങ്ങൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.