ഒട്ടകപ്പുറത്തേറി 500 കിലോമീറ്റർ താണ്ടാൻ അഞ്ച് ബ്രിട്ടീഷുകാർ
text_fieldsബ്രിട്ടീഷ് പൗരന്മാർ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ്
ഭൂപ്രദേശത്തിനുള്ളിലൂടെ ഒട്ടകപ്പുറത്ത് യാത്ര തുടരുന്നു
ജിദ്ദ: സൗദിയിൽ ഒട്ടകപ്പുറത്തേറി കിലോമീറ്ററുകൾ താണ്ടിയുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് അഞ്ച് ബ്രിട്ടീഷ് പൗരന്മാർ. കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് സംരക്ഷിത പ്രദേശത്തിനുള്ളിൽ 500 കിലോമീറ്റർ ദൂരം പിന്നിടാനാണ് ഇവർ ഞായറാഴ്ച്ച യാത്ര ആരംഭിച്ചത്.
ഹോവാർഡ് ലീഡാം, ക്രെയ്ഗ് റോസ്, മാർട്ടിൻ തോംസൺ, മൈക്കൽ ബേക്കർ, ജെയിംസ് കാൾഡർ എന്നിവരാണ് പുതിയൊരു ലക്ഷ്യത്തിലേക്ക് ഒട്ടകപ്പുറത്തേറിയത്.
പ്രകൃതി ഭംഗിയും മനോഹാരിതയും പുരാവസ്തു ചരിത്രത്തിന്റെ പ്രാചീനതയുമെല്ലാം അനുഭവിച്ചറിയുകയാണ് യാത്രയുടെ ലക്ഷ്യം. കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് യാത്ര. ദിവസവും 50 കിലോമീറ്ററോളം റിസർവിനുള്ളിൽ യാത്ര തുടർന്ന് ഇരുട്ടുമ്പോൾ വിശ്രമിച്ച് അടുത്ത ദിവസത്തെ യാത്രക്കുള്ള ഒരുക്കം നടത്തും.
10 ദിവസമെടുക്കുന്ന യാത്ര റിസർവിന്റെ പരിധിയിൽപ്പെടുന്ന തബൂക്ക് മേഖലയുടെ ഭാഗമായ അൽ ഖലിബ നഗരത്തിൽനിന്ന് ആരംഭിച്ച് വടക്കൻ അതിർത്തിപ്രദേശമായ അൽ ഹദീതയിൽ അവസാനിപ്പിക്കും.
ജൈവവൈവിധ്യം, മൃഗവൈവിധ്യം, സസ്യവൈവിധ്യം, വിവിധ തരത്തിലുള്ള പ്രകൃതി സംരക്ഷണത്തിനായി റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഫീൽഡ് ടീമുകൾ നടത്തുന്ന ശ്രമങ്ങൾ എന്നിവയിലൂടെ ആഗോളതലത്തിൽ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവിനെ വേറിട്ടുനിർത്തുന്ന വൈവിധ്യം ആസ്വദിക്കുകയാണ് യാത്രാലക്ഷ്യമെന്ന് അതോറിറ്റി വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.