'ഹിന്ദുത്വ ഫാഷിസത്തിനെതിരെ വിശാല ഐക്യം ഉയർന്നുവരണം'
text_fieldsറിയാദ്: രാജ്യത്ത് നീതിയും നിയമവാഴ്ചയും തിരിച്ചുപിടിക്കാന്‍ ഹിന്ദുത്വ വർഗീയ-വംശീയ-വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ച ചെയ്യാതെ പോരാടാൻ ജനാധിപത്യ ശക്തികളുടെ വിശാല ഐക്യം ഉയർന്നുവരേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബത്ഹ ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ പ്രസ്താവിച്ചു.
ബാബരി മസ്ജിദ് തകർത്ത കേസുകളിലും ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലും നീതിയോടും ധർമത്തോടും നിയമത്തോടും തുടരുന്ന വിദ്രോഹ നടപടികളുടെ അവസാനത്തെ ഉദാഹരണമായി, ഗുജറാത്ത് മുസ്ലിം വംശഹത്യയുമായും ബാബരി മസ്ജിദ് തകർത്തതുമായും ബന്ധപ്പെട്ട് കേസുകൾ സുപ്രീംകോടതി അവസാനിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയെന്ന മതേതര രാഷ്ട്രം സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന ആശങ്കകളെ ബലപ്പെടുത്തുന്ന വിധമാണ് കോടതികൾ വിധി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗുജറാത്ത് മുസ്ലിം വംശഹത്യയിൽ ഗര്‍ഭിണിയായ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളായ ഒരുഡസനോളം പേരെ കൊലപ്പെടുത്തുകയും ചെയ്ത ഹിന്ദുത്വ ഭീകരരെ ജയിലിൽനിന്നും മോചിപ്പിച്ചുകൊണ്ടായിരുന്നു സ്വാതന്ത്ര്യത്തിന്റെ 75 വർഷം രാജ്യം ആഘോഷിച്ചതെന്ന് സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയൻ കുറ്റപ്പെടുത്തി. സോഷ്യൽ ഫോറം ബത്ഹ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൺവെൻഷനിൽ സോഷ്യൽ ഫോറത്തിലേക്ക് പുതുതായി മെംബർഷിപ് എടുത്തവർക്ക് സ്വീകരണം നൽകി.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുഹിനുദ്ദീൻ മലപ്പുറം ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയാൻ വിഷയാവതരണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കബീർ മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി പങ്കെടുത്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി ബാപ്പുട്ടി സ്വാഗതവും എക്സിക്യൂട്ടിവ് അംഗം സലിം മഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.