പ്രവാസികളെ തിരിച്ചറിഞ്ഞ ബജറ്റ്
text_fieldsപ്രവാസി പ്രശ്നങ്ങൾ പഠിക്കുകയും ലോക കേരളസഭകളിലൂടെ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ വൻ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ കേരള ബജറ്റ് 2023 പ്രവാസലോകത്തിന് ആശ്വാസം പകരുന്നതാണ്. കേന്ദ്ര ബജറ്റിൽ ഒരു പരിഗണനയും നൽകാതെ അവഗണിച്ചപ്പോൾ കേരളം ആ സമീപനത്തിന് നൽകിയ മറുപടിയാണ് ഇത്. മടങ്ങിയെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റൻറ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്മെൻറ് എന്ന പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ ജന്മനാട്ടിൽ എന്ന നിരക്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതി ഏറെ ശ്രദ്ധേയമാണ്. പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് നിലനിൽപ്പിന് ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും സര്‍ക്കാര്‍ വലിയ ശ്രമമാണ് നടത്തുന്നത്. ഇതിനായി വിവിധ പദ്ധതികളില്‍ 84.60 കോടി രൂപ വകയിരുത്തിയത് ഇത്തരത്തിലുള്ള ആദ്യ ശ്രമമാണ്. പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ആകെ 50 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി നല്‍കും. മടങ്ങിവന്ന പ്രവാസികള്‍ക്കും മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്കുന്ന സാന്ത്വന പദ്ധതിക്ക് 33 കോടി രൂപയാണ് വകയിരുത്തിയത്.
കേരള നോൺ റസിഡന്റ് കേരളൈറ്റ്സ് ഫണ്ട് ബോര്‍ഡ് മുഖേനയുള്ള ക്ഷേമപദ്ധതികള്‍ക്കായി 15 കോടി രൂപ വേറെയും വകയിരുത്തി. എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സുകള്‍ക്ക് 60 ലക്ഷം രൂപ വകയിരുത്തി. രണ്ടാമത്തെയും മൂന്നാമത്തെയും ലോകകേരള സഭയുടെ പ്രായോഗികമായ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും ലോക കേരളസഭയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായും 2.5 കോടി രൂപ വകയിരുത്തി.
നോര്‍ക്ക വകുപ്പിന്റെ മാവേലിക്കരയിലുള്ള അഞ്ചേക്കര്‍ ഭൂമിയില്‍ ലോകകേരള കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കിവെച്ചു. ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്കുന്ന നോര്‍ക്ക പദ്ധതിക്ക് രണ്ടു കോടി രൂപ വകയിരുത്തിയതായുമുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹവും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയുമാണ്. പ്രവാസി സമൂഹത്തെ പ്രത്യേക വിഭാഗമായി കണക്കാക്കിയുള്ള പദ്ധതികൾ പ്രവാസി സമൂഹത്തിനുള്ള അംഗീകാരമാണ്. പ്രവാസി സമൂഹത്തെ നവ കേരള നിർമിതിയിലുള്ള പ്രധാന വിഭാഗമെന്ന് കണ്ടെത്തി അംഗീകരിക്കാനും അവർക്കൊപ്പം നിൽക്കാനുമുള്ള സർക്കാർ സന്നദ്ധതയാണ് ബജറ്റിലൂടെ പ്രകാശിതമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.