സാധാരണക്കാരെ കൊള്ളയടിക്കുന്ന ബജറ്റ് -ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം: പിണറായി സർക്കാർ ഭരിച്ചുമുടിച്ച സംസ്ഥാന ഖജനാവ് നിറയ്ക്കാൻ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ഒ.ഐ.സി സി ദമ്മാം റീജനൽ കമ്മിറ്റി കുറ്റപ്പെടുത്തി. നികുതി വർധനവുകളും പുതിയ സെസുകളുമേർപ്പെടുത്തി കേരളത്തിലെ സാധാരണക്കാരുടെ നടുവൊടിക്കുന്ന സംസ്ഥാന ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി വാർത്തക്കുറിപ്പിൽ പറഞ്ഞു.
സാമ്പത്തിക ഭദ്രതയുള്ളവരെയും ബാധിക്കുമെങ്കിലും സാധാരണക്കാരുടെ ജീവിതത്തെ താളം തെറ്റിക്കുന്നതാണ് ഈ ബജറ്റ്. ഭൂമിയുടെ രജിസ്ട്രേഷൻ തുക - ന്യായവില വർധിപ്പിക്കൽ, കെട്ടിട നികുതി - കെട്ടിട അനുമതി നികുതി വർധിപ്പിക്കൽ എന്നിവയിലൂടെ സാധാരണക്കാരന് സ്വന്തമായി ഒരു വീടെന്ന സ്വപ്നം മരീചികയാവുകയാണ്. മോട്ടോർ സൈക്കിളുകൾക്ക് ഒറ്റത്തവണ നികുതി കുത്തനെ കൂട്ടിയതും അഞ്ച് ലക്ഷം മുതൽ 15 ലക്ഷം വരെയുള്ള വാഹനം വാങ്ങുന്നവർക്ക് രണ്ട് ശതമാനം നികുതി ഏർപ്പെടുത്തിയതും അതിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് ഒരു ശതമാനം സെസ് കൊടുത്താൽ മതിയെന്നതുമുള്ള ബജറ്റ് നിർദേശങ്ങൾ സമൂഹത്തിലെ സാധാരണക്കാരെയും ഇടത്തട്ടുകാരെയും കൊള്ളയടിക്കുന്നതിെൻറ ഏറ്റവും വലിയ ഉദാഹരണങ്ങളാണെന്ന് റീജനൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ ആരോപിച്ചു.
പ്രവാസികൾക്ക് കുറച്ച് തുക വകയിരുത്തിയതൊഴിച്ചാൽ പ്രവാസികളെ പാടെ അവഗണിച്ച ബജറ്റാണിതെന്നും കുറ്റപ്പെടുത്തി. കോവിഡ് കാലത്തിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവരെ പുനഃരധിവസിപ്പിക്കാനുള്ള ഒരുവിധ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
അതുപോലെ കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് ഒരുവിധ സഹായവും ഈ ബജറ്റിൽ പിണറായി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ലോക കേരളസഭയിൽ പ്രവാസികൾക്ക് ഉറപ്പ് തരുന്ന കാര്യങ്ങൾക്കുപോലും ബജറ്റിൽ തുക വകയിരുത്തിയത് പ്രതിഷേധാർഹമാണ്. പ്രവാസികളെ അവഗണിക്കുന്ന നയത്തിനുമെതിരെ പ്രവാസലോകത്ത് ശക്തമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.