മോദി സർക്കാറിന്റെ ഭദ്രത ഉറപ്പിക്കാനുള്ള ബജറ്റ് -മദീന ഒ.ഐ.സി.സി
text_fieldsമദീന: മോദി സർക്കാറിന്റെ ഭദ്രത ഉറപ്പിക്കാനുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ഒ.ഐ.സി.സി മദീന പ്രസിഡന്റ് ഹമീദ് പെരുംപറമ്പിൽ പ്രസ്താവനയിൽ പറഞ്ഞു. ചരിത്രത്തിലാദ്യമായി രണ്ട് സംസ്ഥാന ബജറ്റുകളുടെ അവതരണമാണ് ശരിക്കും പാര്‍ലമെന്റില്‍ നടന്നത്. ഭാവി തുലാസ്സിലായ സര്‍ക്കാറിന്റെ രക്ഷ ഏതുവിധേനയും ഉറപ്പാക്കുക എന്ന കര്‍ശന നിർദേശം ധനമന്ത്രി നിർമലാ സീതാരാമന് ലഭിച്ചിട്ടുണ്ടെന്നതിന്റെ സൂചന ബജറ്റവതരണത്തിന്റെ ആദ്യ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പ്രകടമായിരുന്നു. കാര്‍ഷിക വിളകള്‍ക്ക് ന്യായ വില ആവശ്യപ്പെട്ട് കര്‍ഷകരുടെ പ്രക്ഷോഭം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും അവരുടെ അടിസ്ഥാന പ്രശ്നങ്ങളോട് മുഖം തിരിക്കുക മാത്രമല്ല ബജറ്റിലെ വെട്ടിക്കുറവുകളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി യാതൊരു പദ്ധതിയും ഇത്തവണത്തെ ബജറ്റിലും ഉൾപ്പെടുത്താത്തത് കടുത്ത പ്രതിഷേധാർഹം ആണെന്ന് ഹമീദ് പെരുമ്പറമ്പിൽ കൂട്ടിച്ചേർത്തു.
ജനാധിപത്യ വിരുദ്ധ കേന്ദ്ര ബജറ്റ് പ്രതിഷേധാർഹം -കെ.എം.സി.സി
ജിദ്ദ: കേന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തീർത്തും ജനാധിപത്യ വിരുദ്ധവും സ്വജനപക്ഷപാതപരവുമാണെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന പ്രവാസികൾക്ക് യാതൊരു പരിഗണയുമുണ്ടായില്ല. സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന ഒരു ഘടകമാണെന്ന ബോധം പോലുമുണ്ടായില്ല. അതോടൊപ്പം കേരളമടക്കമുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിക്കുകയും ചെയ്തു.
അധികാരം നിലനിർത്താൻവേണ്ടി ആന്ധ്രക്കും ബിഹാറിനും വലിയ സംഖ്യ നീക്കിവെച്ചപ്പോൾ അടിസ്ഥാന വിഷയങ്ങളെപ്പോലും കേന്ദ്രം ബജറ്റിൽ മറന്നിരിക്കുകയാണ്. ഉത്തമബോധ്യമില്ലാത്ത ഈ ബജറ്റ് പ്രതിഷേധാർഹമാണ്. അതുകൊണ്ടു ഇതിൽ തിരുത്തൽ നടത്തി അടിസ്ഥാന വർഗങ്ങളെയും പിന്നാക്ക പ്രദേശങ്ങളെയും പ്രവാസികളെയും പരിഗണിക്കുന്ന രൂപത്തിലാക്കണമെന്ന് ജിദ്ദ കെ.എം.സി.സി ആവശ്യപ്പെട്ടു.
പ്രവാസികളെയും കേരളത്തെയും പൂർണമായും അവഗണിച്ച ബജറ്റ് -ഒ.ഐ.സി.സി
ജിദ്ദ: നാടിനെ സമ്പൽവ്യവസ്ഥക്കു താങ്ങായ പ്രവാസി സമൂഹത്തെ പൂർണമായും അവഗണിച്ച കേന്ദ്ര സർക്കാർ ബജറ്റ് കേരളത്തിന് ന്യായമായും അർഹമായും ലഭിക്കേണ്ട വിഹിതവും പദ്ധതികളും അനുവദിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്ന് ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നരേന്ദ്രമോദി സർക്കാറിന്റെ നിലനിൽപ്പിനായി ബിഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുക്കുകയും മറ്റു സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുകയും ചെയ്തതിലൂടെ ബജറ്റിന്റെ ഗൗരവം കളഞ്ഞുള്ള സങ്കുചിത രാഷ്ട്രീയം നിറഞ്ഞ കേവലം രാഷ്ട്രീയക്കസർത്തായി ബജറ്റ് ചുരുങ്ങി എന്നും ഒ.ഐ.സി.സി വെസ്റ്റേൺ റീജിയനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരളത്തോടുള്ള അവഗണനക്കെതിരെ നവോദയ പ്രതിഷേധിച്ചു
ജിദ്ദ: ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാറിന്റെ നിലനില്‍പ്പിനു വേണ്ടി മാത്രം രണ്ടു സംസ്ഥാനങ്ങളെ പ്രീണിപ്പിക്കാന്‍ ഉള്ള ബജറ്റാണ് കേന്ദ്രം പുറത്തിറക്കിയതെന്നും, ഇത് ഇന്ത്യയുടെ ഫെഡറലിസത്തിനെതിരെയുള്ള ബജറ്റാണെന്നും ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഈ ബജറ്റ് ഇന്ത്യ രാജ്യത്തിന്റേതല്ല മറിച്ചു രണ്ടു സംസ്ഥാനങ്ങളുടെത് മാത്രമാണ്. കേരളം ഉന്നയിച്ച പല വിഷയങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഇഷ്ട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ബജറ്റിൽ ഉൾപ്പെടുത്തുകയും കേരളത്തെ പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഒന്നും നല്‍കാതിരിക്കുകയും ചെയ്യുന്നത് നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ്.
കേരളം ഉന്നയിച്ച എയിംസ്, ടൂറിസം, പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങള്‍ എന്നിവയില്‍ ഒന്നിലും കേരളത്തെ പരിഗണിച്ചതെയില്ല. മൂന്നാം മോദി സര്‍ക്കാര്‍ നിലനില്‍പ്പിനായുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഈ ബജറ്റിലൂടെ നടത്തിയിട്ടുള്ളത്. ദേശീയ പ്രാധാന്യമുള്ള എട്ടു ലക്ഷ്യങ്ങളില്‍ കേരളം ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിച്ചിരിക്കുകയാണ്. കേന്ദ്രത്തിന്റെ ഇത്തരം സമീപനങ്ങള്‍ കേരളത്തെ പോലെയുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുകയാണെന്നും ജിദ്ദ നവോദയ കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.