യാഥാർഥ്യബോധം ഒട്ടുമില്ലാത്ത ബജറ്റ്
text_fieldsസാധാരണ ജനങ്ങളെ ബാധിക്കുന്നവ എന്തൊക്കെയാണോ അതിനൊക്കെ വില കൂട്ടി സാധാരണക്കാരായ ജനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ബജറ്റാണ് കേരള ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരുടെ സന്തോഷത്തിനും സമാധാനത്തിനും ഒരു വിലയും നൽകാൻ തയാറാകാത്ത ഒരു സർക്കാറാണ് ഇന്ന് കേരളം ഭരിക്കുന്നത്. എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യവുമായി അധികാരത്തിൽ വന്ന ഒരു സർക്കാർ ആരെയാണ് ശരിയാക്കുന്നത് അല്ലെങ്കിൽ എന്തിനെയാണ് ശരിയാക്കുന്നത് എന്ന് കാണാൻ സാധിക്കുന്നില്ല.
കേന്ദ്ര ഗവൺമെൻറിനെതിരെ പെട്രോൾ/ഡീസൽ വില വർധനക്കെതിരെ ഘോരഘോരം പ്രസംഗിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച മാർക്സിസ്റ്റ് പാർട്ടി കേരളത്തിലേക്കു വരുമ്പോൾ നികുതി കുറക്കാനോ വില കുറക്കാനോ തയാറാകുന്നില്ല എന്നതും വിരോധാഭാസമായി മാത്രമേ കാണാൻ കഴിയൂ. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര ബജറ്റ് നമ്മൾ പ്രതീക്ഷിക്കുന്നതുപോലെതന്നെ സ്വാഭാവികമായും കോർപറേറ്റുകൾക്ക് അനുകൂലമായിരിക്കും എപ്പോഴും. അതിനെതിരെ ശക്തമായി പ്രതിഷേധം നടക്കുമ്പോഴാണ് നാം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നമ്മുടെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ, കേരള ചരിത്രത്തിൽതന്നെ ഇത്രയും ജനദ്രോഹപരമായ ഒരു ബജറ്റ് ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം.
പ്രവാസികളെയും പാടെ അവഗണിക്കുന്ന ഒരു ബജറ്റാണ് ഇത്. വ്യക്തമായ നിലപാടുകളോ കാഴ്ചപ്പാടുകളോ ഇല്ലാതെ ടിക്കറ്റ് നിരക്ക് കുറക്കും, തൊഴിൽസാധ്യതകൾ സൃഷ്ടിക്കും തുടങ്ങിയുള്ള ഒട്ടേറെ പ്രഹസനങ്ങൾ മാത്രം. കഷ്ടപ്പെട്ട് വിദേശരാജ്യങ്ങളിൽ പോയി ജോലി ചെയ്ത് നാട്ടിലേക്കയക്കുന്ന പണം മുഴുവൻ ടാക്സ് കൊടുത്തുതീർക്കുക എന്നു പറയുന്നത് കഷ്ടംതന്നെയാണ്. കേരളം ഇന്ന് കേരളമായി നിലനിൽക്കുന്നത് പ്രവാസികളുടെ അധ്വാനവും ത്യാഗങ്ങളുംകൊണ്ടു മാത്രമാണ്. അവരെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാൻ കഴിയുമോ അതിനെല്ലാം കൂട്ടുനിൽക്കുന്ന ബജറ്റാണിത്.
സർക്കാറിന്റെ ധൂർത്തും അഴിമതിയും കാരണം ജനങ്ങളുടെ നിത്യജീവിതത്തിലെ എല്ലാ മേഖലകളിലും വില വർധനയാണിപ്പോൾ. അതിനു പുറമെ പുതിയ ബജറ്റിലൂടെയുള്ള ദ്രോഹം. മോട്ടോർവാഹന നികുതി വർധിപ്പിച്ചതിനാൽ വാഹനവില കൂടും. ഇന്ധന സെസ് ഏർപ്പെടുത്തിയതിനാൽ പെട്രോൾ-ഡീസൽ വില ലിറ്ററിന് വീണ്ടും കൂടും. വൈദ്യുതി തീരുവ വർധിപ്പിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചു. ഫ്ലാറ്റുകളുടെ നികുതി വർധിപ്പിച്ചു. വെള്ളക്കരം യൂനിറ്റിന് 10 രൂപ കൂടും. മദ്യത്തിന് വില കൂടും. എന്നിട്ടും സർക്കാർ പറയുന്നത്, ഇത് ജനപ്രിയ ബജറ്റാണെന്നാണ്. ഇത്രയേറെ സാമ്പത്തിക കടം കയറിയ ഒരു സംസ്ഥാനം ചിന്ത ജെറോമിന് ശമ്പളം കൂട്ടി നൽകിയും യാതൊരുവിധ കേടുപാടുകളും ഇല്ലാത്ത മന്ത്രിമാരുടെ വാഹനങ്ങൾ മാറ്റി ആഡംബര വാഹനങ്ങൾ വാങ്ങിയും എ.കെ.ജിയുടെ പേരിലുള്ള മ്യൂസിയത്തിന് ആറു കോടി നൽകിയും ധൂർത്തിന് ഒരു കുറവും വരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.