ബുറൈദ ഈത്തപ്പഴ ഉത്സവം ഇനി മൂന്നു ദിവസംകൂടി
text_fieldsബുറൈദ: പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയം ഖസീം ശാഖയും പാചക-കലാ അതോറിറ്റിയും പ്രവിശ്യ ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന ലോക ഈത്തപ്പഴ ഉത്സവത്തിന്റെ കൊടിയിറങ്ങാൻ ഇനി മൂന്നു ദിവസംകൂടി മാത്രം. ഈ മാസം 30ന് മേള സമാപിക്കും. മേഖലയിലെ കർഷകർക്കും വ്യാപാരികൾക്കും മികച്ച നേട്ടമുണ്ടാക്കിയ ഉത്സവ സീസണിൽ 120 കോടി റിയാലിന്റെ ഈത്തപ്പഴ വിപണനം നടന്നതായി ഗ്ലോബൽ ഡേറ്റ്‌സ് ഫെസ്റ്റിവൽ-2022 ചെയർമാൻ ബന്ദർ അൽഹദായ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡ് മാന്ദ്യകാലത്ത് ലോകവിപണിയിൽ സ്റ്റോക്ക് തീർന്നതുമൂലമുള്ള ആവശ്യവും ഈ വേനൽക്കാലത്ത് ഖസീം പ്രവിശ്യയിൽ മഴ പെയ്യാതിരുന്നതുകൊണ്ട് ഈത്തപ്പഴത്തിന് ലഭിച്ച നിലവാരവും ഉയർന്ന തോതിലുള്ള കച്ചവടം ലഭിക്കാൻ കാരണമായതായി അദ്ദേഹം വിശദീകരിച്ചു. ലോക വിപണിയിൽ ഏറെ പ്രിയമുള്ളതും രുചികരവുമായ ഖസീമിന്റെ സ്വന്തം ഉൽപന്നം 'സുക്കരി' തന്നെയാണ് ലേലം ചെയ്തുപോയതിൽ 80 ശതമാനവും. അതിൽ ഒന്നാം തരം ഏകദേശം ഏഴ് കിലോഗ്രാം വരുന്ന പെട്ടിക്ക് 1,100 റിയാൽ വരെ വില ലഭിച്ചു. വലുപ്പത്തിലും രുചിയിലും പേരുകേട്ട 'സഖീഈ', 'മജ്ദൂൽ' അടക്കമുള്ള 45ഓളം ഇനങ്ങളും വിപണിയിലെത്തി.
രാജ്യത്തിന്റെ എണ്ണയിതര വരുമാനം ഗണ്യമായി ഉയർത്തുകയെന്ന 'വിഷൻ 2030'ന്റെ ആശയത്തിന്റെ സാക്ഷാത്കാരമാണ് ഫെസ്റ്റിവൽ വിജയമെന്ന് സംഘാടക സമിതി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് അൽമുഷൈത്തി പറഞ്ഞു. റഷ്യയുടെ കൃഷി മന്ത്രാലയ പ്രതിനിധി സ്റ്റെസിന്യാഗിൻ, ഘാനയുടെ സൗദി സ്ഥാനപതി മുഹമ്മദ് ഹബീബ് തിജാനി അടക്കമുള്ള പ്രമുഖരും വിദേശ മാധ്യമപ്രതിനിധികളും ഉത്സവനഗരി സന്ദർശിച്ചു. മേഖലയിലെ ആയിരക്കണക്കിന് തൊട്ടങ്ങളിലായി മൂന്നു ലക്ഷം ടൺ ഈത്തപ്പഴം പ്രതിവർഷം ഉൽപാദിപ്പിക്കുന്നതായാണ് കണക്ക്.
15,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മേള നഗരിയിൽ 2,000ത്തിലധികം വാഹനങ്ങളും കയറ്റുമതി യാർഡിൽ 1000ത്തോളം വാഹനങ്ങളും നിർത്തിയിടാൻ സൗകര്യമുണ്ട്. 1500ഓളം യുവതീയുവാക്കൾ ഇക്കൊല്ലത്തെ മേളയിൽ സജീവ പങ്കുവഹിക്കുകയും സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. മേള അവസാനിച്ചാലും നഗരിയിൽതന്നെയുള്ള മാർക്കറ്റിൽനിന്ന് രണ്ട് മാസത്തോളം ഉൽപന്നങ്ങൾ അവശ്യക്കാർക്ക് വാങ്ങാം എന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.