ഖുർആൻ കത്തിക്കൽ; അന്താരാഷ്ട്ര നടപടി ആവശ്യം -വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: ഖുർആൻ കത്തിക്കുന്ന സംഭവങ്ങളുടെ ആവർത്തനം അന്താരാഷ്ട്ര നടപടി ആവശ്യപ്പെടുന്നതാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ഖുർആൻ കത്തിച്ച സംഭവത്തിൽ മനുഷ്യാവകാശ കൗൺസിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തീവ്രവാദികൾ ഖുർആന്റെ കോപ്പികൾ കത്തിച്ചതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ച കാര്യം യോഗത്തിന്റെ തുടക്കത്തിൽ മന്ത്രി സൂചിപ്പിച്ചു.
അപലപനീയമായ ഈ നടപടികളെ സംബന്ധിച്ച എന്ത് ന്യായീകരണത്തെയും അംഗീകരിക്കാനാവില്ല. ഇത് വിദ്വേഷം, വംശീയത എന്നിവ ഉണ്ടാക്കുന്ന നടപടിയാണ്. സഹിഷ്ണുത, മിതത്വം, തീവ്രവാദം തള്ളിപ്പറയൽ എന്നീ മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ നേരിട്ട് എതിർക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ വർഷം ഖുർആന്റെ പകർപ്പുകൾ കത്തിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കജനകമാണ്. വ്യക്തികളുടെയും സമൂഹങ്ങളുടെയും മതവിശ്വാസങ്ങളെയും വികാരങ്ങളെയും അങ്ങേയറ്റം വ്രണപ്പെടുത്തുന്ന ഈ പ്രവൃത്തികൾ തടയാൻ അന്താരാഷ്ട്ര സമൂഹവും അന്തർദേശീയ സംഘടനകളും പ്രവർത്തിക്കണം.
അതിന്റെ തെളിവാണ് ഈ പ്രവൃത്തികൾക്കെതിരെ ഉയർന്നുവന്ന അന്താരാഷ്ട്രതലത്തിലുള്ള പ്രതിഷേധങ്ങൾ. ഇതിലൂടെ വിദ്വേഷം, അക്രമം,ശത്രുത എന്നിവക്ക് പ്രേരണ നൽകുന്ന, മനുഷ്യാവകാശങ്ങളുമായി പൊരുത്തപ്പെടാത്ത അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്യുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. വിവേചനത്തിലേക്കോ ശത്രുതയിലേക്കോ അക്രമത്തിലേക്കോ പ്രേരണ നൽകുന്ന മതവിദ്വേഷത്തിനെതിരെ പോരാടുക എന്ന നിർദിഷ്ട കരട് പ്രമേയം സമവായത്തിലൂടെ അംഗീകരിക്കാൻ രാജ്യം ഉറ്റുനോക്കുന്നതായും മന്ത്രി പറഞ്ഞു.
ജനങ്ങൾക്കിടയിൽ ബഹുമാനം, സഹവർത്തിത്വം എന്നീ ധാർമിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതായിരിക്കണം ആവിഷ്കാര സ്വാതന്ത്ര്യം. വിദ്വേഷവും സാംസ്കാരികവും നാഗരികവുമായ ഏറ്റുമുട്ടലുകളും പ്രചരിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമാകാൻ അത് പാടില്ല. സഹിഷ്ണുതയുടെയും മിതത്വത്തിെൻറയും മൂല്യങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ട്. വിദ്വേഷവും അക്രമവും തീവ്രവാദവും സൃഷ്ടിക്കുന്ന എല്ലാ തരത്തിലുള്ള ആചാരങ്ങളെയും നിരസിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സഹിഷ്ണുതയുടെയും സമാധാനത്തിെൻറയും ആഗോള സംസ്കാരം ശക്തിപ്പെടുത്തുന്നതിന് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പ്രധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.