ത്വാഇഫിൽ ബസ് സർവിസ് പദ്ധതിക്ക് തുടക്കം
text_fieldsജിദ്ദ: ത്വാഇഫിൽ പൊതുഗതാഗത ബസ് സർവിസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ്, ത്വാഇഫ് മേയർ നാസിർ അൽ റുഹൈലി, സൗദി ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ) സി.ഇ.ഒ തുർക്കി ബിൻ ഇബ്രാഹിം അൽ സുബൈഹി എന്നിവരുടെ സാന്നിധ്യത്തിൽ ത്വാഇഫ് ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
രാജ്യത്തെല്ലായിടത്തും പൊതുഗതാഗതം സ്ഥാപിക്കാനുള്ള പദ്ധതികളുടെ ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്ന ബസ് സർവിസാണിത്. ത്വാഇഫിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ബസ് സർവിസ്. ഒമ്പത് പ്രധാന പാതകളിലായി 182 സ്റ്റോപ്പുകളിലൂടെ പ്രതിവർഷം 20 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് സേവനം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം 58 ബസുകൾ 18 മണിക്കൂർ സർവിസ് നടത്തും. ത്വാഇഫിലെ താമസക്കാർക്കും അവിടെയെത്തുന്ന സന്ദർശകർക്കും സേവനവും മികച്ച അനുഭവവും നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം ഗതാഗത സുരക്ഷയുടെ നിലവാരം വർധിപ്പിക്കുന്നതിനും റോഡുകളിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും കാർബൺ പുറന്തള്ളലും പരിസ്ഥിതി മലിനീകരണവും കുറക്കുന്നതിനും ഈ പദ്ധതി സഹായിക്കും. സേവനം ലഭ്യമാക്കുന്നതിന് സാപ്റ്റ്കോ കമ്പനി ഒരു ഇലക്ട്രോണിക് ആപ്ലിക്കേഷൻ ഒരുക്കിയിട്ടുണ്ട്.
‘ത്വാഇഫ് ബസ്’ ആപ്ലിക്കേഷൻ വഴി എളുപ്പത്തിലും സൗകര്യപ്രദമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. രാജ്യത്തെ വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനുള്ള പൊതുഗതാഗത പദ്ധതികളിലൊന്നാണ് ത്വാഇഫിലെ ബസ് ഗതാഗത പദ്ധതി. ഒമ്പത് നഗരങ്ങളും ഗവർണറേറ്റുകളും ഉൾപ്പെടുന്ന പൊതുഗതാഗത പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.