ബിസിനസ് സഹകരണം; ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി ചർച്ചനടത്തി സൗദി കിരീടാവകാശി
text_fieldsറിയാദ്: നിലവിലെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സൂക് യോളുമായി ചർച്ച നടത്തി. സോളിലെ പ്രസിഡന്റിന്റെ വസതിയിലാണ് ചർച്ചകൾ നടന്നത്. അന്താരാഷ്ട്ര സമാധാനത്തിനും ഊർജ സംരംഭങ്ങൾക്കും വിതരണശൃംഖലകളുടെ സുരക്ഷക്കും ഭീഷണിയായ സാഹചര്യത്തെ നേരിടാൻ സംയുക്തപ്രവർത്തനം ശക്തമാക്കാൻ ആഗ്രഹിക്കുന്നതായി കിരീടാവകാശി പറഞ്ഞു.
'വിഷൻ 2030'ന്റെ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ടുള്ള സൗദി - ദക്ഷിണ കൊറിയ സഹകരണം കിരീടാവകാശി ചൂണ്ടിക്കാണിക്കുകയും അതുവഴി കൈവരിച്ച നേട്ടങ്ങളിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംയുക്ത സമിതികളുടെ മേൽനോട്ടത്തിലുള്ള നിക്ഷേപ ഏകോപനത്തിന്റെ വേഗത വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പൊതുകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്ന വിഷയവും ചർച്ചയായി. ഇരു രാജ്യങ്ങളിലും ലഭ്യമായ വാണിജ്യ, നിക്ഷേപ അവസരങ്ങൾ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞു.
സൗദി അറേബ്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള 60 വർഷത്തെ ബന്ധം ശക്തമാണെന്നും കഴിഞ്ഞവർഷങ്ങളിലെ നല്ല വ്യാപാര വളർച്ച ഇത് തെളിയിക്കുന്നുവെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി.
ജി20 അംഗരാജ്യങ്ങളെന്ന നിലക്ക് ഇരു രാഷ്ട്രങ്ങൾക്കും രാഷ്ട്രീയവും സാമ്പത്തികവും അന്തർദേശീയവുമായ ഉത്തരവാദിത്തങ്ങളുണ്ടെന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.
ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക് ഉയർത്താനുള്ള തന്റെ താൽപര്യം ദക്ഷിണ കൊറിയൻ പ്രസിഡന്റ് സ്ഥിരീകരിച്ചു.
കിരീടാവകാശിയുടെ നേതൃത്വത്തിൽ 'വിഷൻ 2030' നടപ്പാക്കുന്നതിലൂടെ സൗദി അറേബ്യ ഒരു നൂതന ഭാവിക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സന്ദർശനത്തിനിടെ കിരീടാവകാശി ദക്ഷിണ കൊറിയൻ വ്യവസായ പ്രമുഖരുമായി ബിസിനസ് സഹകരണ വിഷയത്തിലും ചർച്ചകൾ നടത്തി. സാങ്കേതികവിദ്യ, ഊർജം, വ്യവസായം, നിർമാണം, സ്മാർട്ട് സിറ്റികൾ തുടങ്ങി സൗദി അറേബ്യയിലെ വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകൾ കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. സാംസങ് ഇലക്ട്രോണിക്സ് എക്സിക്യൂട്ടിവ് ചെയർമാൻ ലീ ജെയ് യോങ്, എസ്.കെ ഗ്രൂപ് ചെയർമാൻ ചെയ് ടെ വോൺ, ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ് ചെയർമാൻ യൂയ്സുൻ ചുങ് എന്നിവരുൾപ്പെടെ എട്ട് ദക്ഷിണ കൊറിയൻ വ്യവസായ പ്രമുഖർ കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, വാണിജ്യ മന്ത്രിയും ആക്ടിങ് മീഡിയ മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ്, സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽഇബ്രാഹിം, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ എന്നിവർ കിരീടാവകാശിയോടൊപ്പം ചർച്ചയിൽ പങ്കെടുത്തു.
ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്തശേഷം ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ചയാണ് കിരീടാവകാശി സോളിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.