ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വെൽഫെയർ പാർട്ടി നയനിലപാടുകൾക്കുള്ള അംഗീകാരം -പ്രവാസി വെൽഫെയർ
text_fieldsജിദ്ദ: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വെൽഫെയർ പാർട്ടി മുന്നോട്ടുവെച്ച നയനിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് പ്രവാസി വെൽഫയർ സൗദി വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസ്താവിച്ചു. സംഘ്പരിവാറിന് വ്യക്തമായ സ്വാധീനമുണ്ടായിരുന്ന പാലക്കാട് ബി.ജെ.പി പരാജയപ്പെടണം, ഇടതു സർക്കാർ തുടർന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാർ പ്രീണന നയങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകണം എന്നതായിരുന്നു വെൽഫെയർ പാർട്ടി മുന്നോട്ടുവെച്ച രണ്ട് സുപ്രധാന തെരഞ്ഞെടുപ്പ് സമീപനം.
സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ ഭരണത്തിന് ശക്തമായ താക്കീതായി കൂടി തെരഞ്ഞെടുപ്പ് ഫലം മാറണമെന്നും പാർട്ടി ആഹ്വാനം ചെയ്തിരുന്നു. ഈ നയങ്ങൾ വിജയിപ്പിക്കാൻ താഴെ തട്ടിൽ നടത്തിയ സൂക്ഷ്മമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയം കണ്ടിരിക്കുന്നു എന്നത് സന്തോഷകരമാണ്.
പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും ഒരേ പോലെ നടത്തിയ ധ്രുവീകരണ ശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു. മുനമ്പം വിഷയം മുതലെടുത്തു കൊണ്ട് വർഗീയ ധ്രുവീകരണ ശ്രമങ്ങൾ നടത്താനായിരുന്നു ബി.ജെ.പി ശ്രമം. സംഘ്പരിവാറിന്റെ ശക്തികേന്ദ്രമായി കരുതപ്പെട്ടിരുന്ന പാലക്കാട് നഗരസഭയിലടക്കം ബി.ജെ.പി ക്കെതിരെ ജനം വോട്ട് രേഖപ്പെടുത്തി. മുസ്ലിം മാനേജ്മെന്റുകൾക്ക് കീഴിലെ ചില പത്രങ്ങളിൽ വർഗീയത വെളിവാക്കിയ പരസ്യങ്ങൾ നൽകി ബി.ജെ.പി യോടൊപ്പം മത്സരിക്കാനാണ് സി.പി.എം ശ്രമിച്ചത്.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഈ ധ്രുവീകരണ ശ്രമങ്ങളെ തള്ളിക്കളഞ്ഞ ജനവിധിയാണ് പാലക്കാട് ഉണ്ടായത്. ചേലക്കരയിലും എൽ.ഡി.എഫിനെതിരായ ഭരണവിരുദ്ധ വികാരം പ്രകടമാണ്. സി.പി.എമ്മിന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞത് അതിന് തെളിവാണ്. വയനാട്ടിലും എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളുടെ വോട്ട് നിലയിൽ വൻ ഇടിവാണ് സംഭവിച്ചത്.
ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്ന നിലയിലാണ് പുറത്തു വന്നിരിക്കുന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളാത്തതിന്റെ പ്രതിഫലനമാണ് മഹാരാഷ്ട്രയിൽ കണ്ടത്. കൃത്യമായ സംഘ് വിരുദ്ധ രാഷ്ട്രീയ നിലപാടുകൾക്ക് മുൻഗണന നൽകുന്നതിന് പകരം പ്രാദേശികമായ താൽപര്യങ്ങൾക്കും വ്യക്തിതാല്പര്യങ്ങൾക്കും മറ്റും മുൻഗണന നൽകി രാഷ്ട്രീയ മുന്നേറ്റങ്ങൾ ദുർബലമാകുന്ന അനുഭവം മഹാരാഷ്ട്രയിലും ആവർത്തിക്കപ്പെട്ടിരിക്കുകയാണെന്നും പ്രവാസി വെൽഫെയർ സൗദി വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.