മന്ത്രിസഭ തീരുമാനം: സൗദിയിൽ ഗെയിമിങ്, ഇ-സ്പോർട്സ് അതോറിറ്റി സ്ഥാപിക്കും
text_fieldsജിദ്ദ: സൗദി അറേബ്യയിൽ വിഡിയോ ഗെയിം, ഇ-സ്പോർട്സ് മേൽനോട്ടത്തിനായി ‘സൗദി ഗെയിമിങ് ആൻഡ് ഇലക്ട്രോണിക് സ്പോർട്സ് അതോറിറ്റി’ എന്ന പേരിൽ ഔദ്യോഗിക സ്ഥാപനം ആരംഭിക്കും.
സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ലോക ഇ-സ്പോർട്സ് മത്സരങ്ങൾ നടത്താൻ സൗദി അറേബ്യ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. വിഡിയോ ഗെയിം, ഇ-സ്പോർട്സ് ആഗോളകേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം.
മന്ത്രിസഭ യോഗം 2024 ‘ഒട്ടക വർഷം’ ആയി ആചരിക്കാനും തീരുമാനിച്ചു. ‘വേൾഡ് എക്സ്പോ 2030’ന്റെ ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽ വിജയിച്ച സൗദി അറേബ്യയെയും അതിനുവേണ്ടി കിരീടാവകാശി നടത്തിയ ശ്രമങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. രാജ്യത്തിന്റെ മികവ്, സുപ്രധാന പങ്ക്, അന്താരാഷ്ട്ര പദവി എന്നിവയുമായി പൊരുത്തപ്പെടുന്നതാണിത്. അന്താരാഷ്ട്ര സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിൽ തുടർച്ചയായുണ്ടാകുന്ന വിജയങ്ങളുടെ തുടർച്ചയായാണ് ഇതെന്നും വിലയിരുത്തി.
‘വിഷൻ 2030’ന്റെ ഭാഗമായി രാജ്യവും തലസ്ഥാനമായ റിയാദും വിവിധ മേഖലകളിൽ സാക്ഷ്യം വഹിക്കുന്ന വികസനത്തെക്കുറിച്ച് ലോകജനതക്ക് അറിയാൻ വോട്ടുചെയ്ത രാജ്യങ്ങൾക്ക് മന്ത്രിസഭ നന്ദി പറഞ്ഞു.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ആഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കുവൈത്തിന്റെ പുതിയ അമീറായ ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽജാബിർ അസ്സബാഹിനെ അഭിനന്ദിച്ചു. ബ്രസീൽ, റഷ്യൻ പ്രസിഡൻറുമാരുടെ സൗദി സന്ദർശനം വഴി കൈവരിച്ച ഫലങ്ങളെ പ്രശംസിച്ചു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം തടയുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ഫലസ്തീനിലെ ദുരിതമനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സഹായം നൽകുന്നത് തുടരുന്നതിനും രാഷ്ട്രീയവും മാനുഷികവുമായ തലങ്ങളിൽ രാജ്യം നടത്തിയ ശ്രമങ്ങളെ മന്ത്രിസഭ വിലയിരുത്തി. ഊർജമേഖലയിലെ സഹകരണത്തിനായി സൗദി അറേബ്യയും ഇന്ത്യയും തമ്മിലെ ധാരണാപത്രത്തിന് അംഗീകാരം നൽകി. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നിശ്ചയിച്ച നിയന്ത്രണങ്ങൾ അനുസരിച്ച് പ്രാദേശിക കാർഷിക കമ്പനികളെയും വൻകിട കർഷകരെയും ഗോതമ്പും സീസണൽ കാലിത്തീറ്റയും വളർത്താനും അനുമതി നൽകി.
‘2024 ഒട്ടകവർഷം’; തീരുമാനത്തെ സാംസ്കാരിക മന്ത്രി പ്രശംസിച്ചു
ജിദ്ദ: 2024നെ ‘ഒട്ടകവർഷം’ ആയി പ്രഖ്യാപിക്കാനുള്ള മന്ത്രിസഭ തീരുമാനത്തെ സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല പ്രശംസിച്ചു. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ജനതയുടെ ജീവിതത്തിൽ ഒട്ടകങ്ങൾ പ്രതിനിധീകരിക്കുന്ന അതുല്യമായ സാംസ്കാരിക മൂല്യം ആഘോഷിക്കാനാണിത്. ആധികാരികമായ സാംസ്കാരിക പൈതൃകമായും നാഗരികതയുടെ നിർമാണത്തിൽ അത്യന്താപേക്ഷിതമായ ഘടകമായും ഒട്ടകങ്ങൾക്കുള്ള സ്ഥാനം ഉറപ്പിക്കുകയും പ്രാദേശികമായും അന്തർദേശീയമായും അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുമാണ്.
സൗദി സംസ്കാരത്തിന് അർഹമായ അഭിമാനവും ബഹുമാനവും നൽകി അതിന്റെ ഉറച്ച വേരുകളും മൂല്യങ്ങളും ആധികാരികമായ സാംസ്കാരിക ഘടകങ്ങളും ആഘോഷിക്കാനും അവയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകുന്ന പരിധിയില്ലാത്ത പിന്തുണക്ക് സാംസ്കാരിക മന്ത്രി നന്ദി അറിയിച്ചു. സാംസ്കാരിക മന്ത്രാലയം ഈ വർഷാചരണത്തിന്റെ മേൽനോട്ടം വഹിക്കും. വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ സംരംഭങ്ങളിലൂടെയും പരിപാടികളിലൂടെയും വർഷാചരണം നടപ്പാക്കും. ഒട്ടക മേഖല വികസിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങൾ വർധിപ്പിക്കുന്നതിനും ദേശീയ വികസനത്തിന് അതിന്റെ സംഭാവനയുടെ നിലവാരം വർധിപ്പിക്കുന്നതിനുമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.