റിയാദ് എക്‌സ്‌പോയെ പിന്തുണക്കുന്ന രാജ്യങ്ങൾക്ക് നന്ദി പറഞ്ഞ് മന്ത്രിസഭ
text_fieldsറിയാദ്: 2030 ലെ വേൾഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള റിയാദിന്‍റെ ശ്രമങ്ങളെ പിന്തുണക്കു രാജ്യങ്ങൾക്ക് നന്ദി പറഞ്ഞ് സൗദി മന്ത്രിസഭ യോഗം. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗം ലോകരാജ്യങ്ങളും വ്യത്യസ്ത ജനവിഭാഗങ്ങളുമായി ഇടപഴകാനും രാജ്യത്തിന്റെ അഭൂതപൂർവമായ പരിവർത്തനത്തിന്റെ കഥ അന്താരാഷ്ട്ര സമൂഹവുമായി പങ്കിടാനും ലഭിക്കുന്ന അവസരമായിരിക്കും റിയാദ് എക്‌സ്‌പോ എന്ന് അഭിപ്രായപ്പെട്ടു.
എക്‌സ്‌പോ അതിഥേയത്വ ശ്രമങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാറ സാന്നിധ്യത്തിൽ റിയാദ് റോയൽ കമീഷൻ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ എക്‌സ്‌പോ സംഘാടകരായ ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്‌സ്‌പോസിഷൻസിൽ (ബി.ഇ.ഐ) അംഗത്വമുള്ള നിരവധിരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. അതിൽ ചില രാജ്യങ്ങൾ ഇതിനകം റിയാദിെൻറ സ്ഥാനാർഥിത്വത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ലോകാടിസ്ഥാനത്തിൽ നടത്തുന്ന ‘എക്സ്പോ’യുടെ ആതിഥേയ നഗരത്തെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയുടെ ഭാഗമായ വോട്ടെടുപ്പ് അടുത്ത നവംബറിലാണ് നടക്കുക.
രണ്ട് മാസം മുമ്പ് അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച രാജ്യത്തെ നാല് പ്രത്യേക സാമ്പത്തിക മേഖലകളുടെ (സ്‌പെഷൽ ഇക്കണോമിക് സോൺ) ആസ്ഥാനം റാബിഗിലെ കിങ് അബ്ദുല്ല സാമ്പത്തിക നഗരത്തിൽ നിന്ന് റിയാദിലേക്ക് മറ്റുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയുടെ നേതൃത്വത്തിൽ നടത്തിയ പാരിസ് സന്ദർശനവും ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണവും സാമ്പത്തിക ബന്ധങ്ങളും മെച്ചപ്പെടുത്തുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ച ശേഷം മേഖലയിലുണ്ടായ സംഭവവികാസങ്ങളും കോൺസുലർ നടപടി പുനരാരംഭിക്കുന്ന പ്രക്രിയയിലെ പുരോഗതിയും കാബിനറ്റ് അവലോകനം ചെയ്തു.
യോഗത്തിന്‍റെ ആരംഭത്തിൽ ഹജ്ജ് നിർവഹിക്കുന്നതിനായി പുണ്യഭൂമിയിലെത്തിയ ലോകമെമ്പാടുമുള്ള അതിഥികളെ സ്വാഗതം ചെയ്തു. മക്ക, മദീന ഹറമുകളിൽ എത്തുന്ന സന്ദർശകരെ സ്വീകരിക്കുന്നതും അവരുടെ സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കുന്നതും രാജ്യത്തിന്റെ അഭിമാനം ഊട്ടിയുറപ്പിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തീർഥാടകരുടെ വരവുപോക്കുകൾ സുഗമമാക്കുന്നതിനും അവർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള ചരിത്ര പദ്ധതികളെ കാബിനറ്റ് അഭിനന്ദിച്ചു. ദറഇയ ഗേറ്റ് ഡെവലപ്‌മെൻറ് അതോറിറ്റി, ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി കമീഷൻ, പബ്ലിക് കോർപറേഷൻ ഫോർ ഇറിഗേഷൻ, നാഷനൽ കോംപറ്റിറ്റീവ്‌നസ് സെൻറർ എന്നിവയുടെ മുൻ സാമ്പത്തിക വർഷങ്ങളിലെ അന്തിമ കണക്കുകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.