ഒട്ടകയോട്ട മത്സരത്തിന് റിയാദിൽ തുടക്കം; സമ്മാനം 10 കോടി റിയാൽ
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഒട്ടകയോട്ട, സൗന്ദര്യ മത്സരങ്ങൾക്ക് റിയാദില് തുടക്കമായി. നഗരത്തിൽനിന്ന് 130 കിലോമീറ്റർ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന റുമ പട്ടണത്തിലാണ് കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവ നഗരി. സൗദി കാമൽ ക്ലബ് സംഘടിപ്പിക്കുന്ന വാർഷിക സാംസ്കാരിക, സാമ്പത്തിക, കായിക, വിനോദ ഉത്സവമാണിത്. ജനുവരി 15നാണ് അവസാനിക്കുക. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകം അറബ് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പൈതൃകോത്സവം കൂടിയാണ് ഒട്ടകമേള.
രാജ്യത്തിന് അകത്തും പുറത്തുമുള്ള ഒട്ടകങ്ങൾ മത്സരത്തിനിറങ്ങും. ജി.സി.സി രാജ്യങ്ങളിൽനിന്നും സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്നും പ്രദർശനം കാണാനും പങ്കെടുക്കാനും നൂറുകണക്കിനാളുകൾ ഇതിനകം നഗരത്തിലെത്തി. സൗദി ടൂറിസത്തിന്റെ ഭാഗമായെത്തുന്ന വിദേശികളും മേളയുടെ കൗതുകം ആസ്വദിക്കാൻ വരുന്നുണ്ട്.
സന്ദർശകർക്ക് ബസ് സർവിസുണ്ടാകും
റിയാദ് സീസൺ ഉത്സവത്തിന്റെ പ്രധാന വേദിയായ ബോളീവർഡിലെത്തുന്ന സന്ദർശന സംഘത്തിന് രാവിലെ എട്ടിനും ഒമ്പതിനും ഉച്ചക്ക് 12നും നഗരിയിലേക്ക് യാത്ര ചെയ്യാൻ ബസ് സർവിസ് ഒരുക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ചിനും ഏഴിനും രാത്രി 10നും തിരിച്ചും ബസ് സർവിസ് ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
ഒട്ടകയോട്ട, സൗന്ദര്യ മത്സരങ്ങളിൽ 10 കോടി സൗദി റിയാലാണ് സമ്മാനത്തുക. ഒട്ടകങ്ങളെ വളർത്താനും സംരക്ഷിക്കാനുമുള്ള അവകാശത്തെയും ആവശ്യകതയെയുംകുറിച്ചുള്ള ബോധവത്കരണം മേളയുടെ ലക്ഷ്യങ്ങളിലൊന്നാണ്. നിറം, തലയുടെ വലുപ്പം, കഴുത്തിന്റെ നീളം, മുതുക്, കണ്ണുകളുടെ വലുപ്പം, പുരികം, ചെവിയുടെ സൗന്ദര്യം, ഉരുളൻ പൂഞ്ഞ, പല്ലിനെ മൂടുന്ന ചുണ്ടുകൾ തുടങ്ങിയവയാണ് സൗന്ദര്യമത്സരത്തിൽ വിജയികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ. മത്സരത്തിൽ വിജയിക്കുന്ന ഒട്ടകങ്ങളെ മോഹവില നൽകി സ്വന്തമാക്കാൻ മേളയുടെ ഭാഗമായി ഒട്ടകലേലവും പരേഡുമുണ്ട്.
രാജ്യത്തിന്റെ പൈതൃകം നിലനിർത്താനും ചരിത്രത്തിൽ ഒട്ടകങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനുമുള്ള അവസരമായി കണ്ടാണ് ഗ്രാമീണ ഒട്ടക ഉടമകൾ മത്സരത്തിനെത്തുന്നത്. ഒട്ടകപ്രേമികളെ പരിചയപ്പെടാനും വിവിധ പ്രദേശങ്ങളിലുള്ള പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാനും വർഷത്തിലൊരിക്കൽ കിട്ടുന്ന അവസരമായി കാണുന്നവരുമുണ്ട്. ഒട്ടകയോട്ട മത്സരം നടക്കുന്ന വേദിക്ക് പുറത്ത് പ്രാദേശിക ഉത്സവത്തിന്റെ അനുഭവം നൽകുന്ന കച്ചവടസ്ഥാപനങ്ങളും കലാപ്രകടനങ്ങളും മജ്ലിസുകളും ഒരുക്കിയിട്ടുണ്ട്. മത്സര മൈതാനിയിലെ പുറംകാഴ്ചകൾ കാണാനും ധാരാളം ആസ്വാദകരെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.