ഒട്ടക മത്സര ജേതാക്കളെ ആദരിച്ചു
text_fieldsജിദ്ദ: ത്വാഇഫിൽ സൗദി ഒട്ടക ഫെഡറേഷൻ സംഘടിപ്പിച്ച ക്രൗൺ പ്രിൻസ് ഒട്ടകോത്സവ അവാർഡ് ജേതാക്കളെ ആദരിച്ചു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് വേണ്ടി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറും സൗദി കാമൽ ഫെഡറേഷൻ പ്രസിഡൻറുമായ അമീർ ഫഹദ് ബിൻ ജലവിയുടെ സാന്നിധ്യത്തിൽ മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താനാണ് അഞ്ചാമത് ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിലെ അവസാന റൗണ്ട് ജേതാക്കളെ ആദരിച്ചത്.
ചരിത്രപ്രസിദ്ധമായ ത്വാഇഫ് സ്ക്വയറിലാണ് ക്രൗൺ പ്രിൻസ് ഒട്ടകോത്സവം സംഘടിപ്പിച്ചത്. അവസാന ദിവസം ആറ് കിലോമീറ്റർ ദൂരത്തിൽ നാല് ഓട്ടമത്സരങ്ങളാണ് നടന്നത്.
ആത്വിഫ് ബിൻ അത്വിയ അൽ ഖുറശിയുടെ ഉടമസ്ഥതയിലുള്ള ‘മബൽഷ്’ എന്ന ഒട്ടകമാണ് ആദ്യ റൗണ്ടിൽ വിജയിച്ചത്. രണ്ടാം റൗണ്ടിൽ ഖത്തറിൽനിന്നുള്ള അൽഷഹാനിയയുടെ ‘അജീബ്’ എന്ന ഒട്ടകവും മൂന്നാം റൗണ്ടിൽ ഖത്തറിൽനിന്നുള്ള നാസർ അബ്ദുല്ല അൽ മിസ്നാദിന്റെ ‘നജ്ദിൻ’ എന്ന ഒട്ടകവും നാലാം റൗണ്ടിൽ യു.എ.ഇയിൽനിന്ന് അൽ ആസിഫയുടെ ‘അൽഷഹാനിയ’ ഒട്ടകവും വിജയിച്ചു.
വിശാലമായ പ്രാദേശിക, അറബ്, അന്തർദേശീയ പങ്കാളിത്തത്തോടെ കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് ക്രൗൺ പ്രിൻസ് ഒട്ടകോത്സവം ആരംഭിച്ചത്. ഒരു മാസത്തിലധികം നീണ്ടുനിന്ന ഒട്ടകോത്സവത്തിൽ നിരവധി മത്സരങ്ങൾക്കാണ് ത്വാഇഫ് ഒട്ടക മൈതാനം സാക്ഷ്യം വഹിച്ചത്.
ആകെ 5.7 കോടി റിയാൽ മൂല്യമുള്ള സമ്മാനങ്ങളാണ് നൽകിയത്. ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ഒട്ടക ഉടമക്ക് നൽകുന്ന ക്രൗൺ പ്രിൻസ് വാൾ അവാർഡിന്റെ മൂല്യം 17.5 ലക്ഷം റിയാലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.