നയതന്ത്ര പ്രതിസന്ധി: കാനഡ ബ്രിട്ടെൻറയും യു.എ.ഇയുടെയും സഹായം തേടുന്നു
text_fieldsജിദ്ദ: സൗദി അറേബ്യയുമായുള്ള നയതന്ത്ര പ്രശ്നം പരിഹരിക്കാൻ കാനഡ ബ്രിട്ടെൻറയും യു.എ.ഇയുടെയും സഹായം തേടുന്നു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള പരിധി വിട്ട ഇടപെടൽ ചൂണ്ടിക്കാട്ടി ഞായറാഴ്ചയാണ് സൗദി അറേബ്യ കാനഡയുമായുള്ള ബന്ധം മരവിപ്പിച്ചത്. കാനഡയുടെ അംബാസഡറെ പുറത്താക്കിയ സൗദി, തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്തു. ഇതേതുടർന്ന് വിഷയം തണുപ്പിക്കാനുള്ള വഴികൾ തേടുകയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ ഗവൺമെൻറ്.
സൗദി അറേബ്യയുടെ അടുത്ത സുഹൃദ് രാഷ്ട്രങ്ങളായ യു.എ.ഇ, ബ്രിട്ടൻ എന്നിവ വഴിയുള്ള സമാധാന നീക്കങ്ങളാണ് ആലോചിക്കുന്നതെന്ന് റോയിേട്ടഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രശ്നത്തിൽ സൗദി അറേബ്യക്ക് പിന്തുണ പ്രഖ്യാപിച്ച ആദ്യരാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ഇരുരാഷ്ട്രങ്ങളും സംയമനം പാലിക്കണമെന്ന് ബ്രിട്ടനും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. വിവാദം കുത്തിയളക്കിയ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് നേതൃത്വം നൽകുന്ന കനേഡിയൻ വിദേശകാര്യ മന്ത്രലായം പിന്നീട് പ്രതികരിച്ചിേട്ടയില്ല.
അതിനിടെ, സൗദി അറേബ്യക്ക് സമ്പൂർണ പിന്തുണയുമായി റഷ്യ രംഗത്തെത്തി. കാനഡയുടെ ശാസനാസ്വരം അസ്വീകാര്യമാണെന്നും സൗദി അറേബ്യക്ക് അവരുടെ ആഭ്യന്തര കാര്യങ്ങളിൽ സമ്പൂർണ പരമാധികാരം ഉണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കാനഡയുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവെക്കുന്നതിെൻറ ഭാഗമായി ആതുരശുശ്രൂഷ പദ്ധതികളും സൗദി അറേബ്യ മരവിപ്പിച്ചു.
കാനഡയിലേക്കുള്ള ചികിത്സാസംബന്ധമായ യാത്രകൾ അവസാനിപ്പിച്ചതിന് പിന്നാലെ ആ രാജ്യത്തുള്ള സൗദി രോഗികളെ മാറ്റാനും ആലോചിക്കുന്നു. നിലവിൽ ചികിത്സയിലുള്ള രോഗികളെ അവരുടെ സുരക്ഷ ഉറപ്പുവരുത്തി മാറ്റാനാണ് നോക്കുന്നതെന്ന് കാനഡയിലെ സൗദി ഹെൽത്ത് അറ്റാഷെ ഡോ. ഫഹദ് ബിൻ ഇബ്രാഹിം അൽതമീമി വ്യക്തമാക്കി. കാനഡയിലേക്കുള്ള സ്കോളർഷിപ്പുകൾ കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു.
സൗദി വിദ്യാർഥികളെ സമീപ രാഷ്ട്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കാനഡയിൽ നിന്നുള്ള ഗോതമ്പ്, ബാർളി ഇറക്കുമതിയും സൗദി അറേബ്യ അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.