വാഹനാപകടം: ആന്ധ്രാ സ്വദേശികളായ യുവദമ്പതികളുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി
text_fieldsറിയാദ്: ആഗസ്റ്റ് 25ന് റിയാദിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആന്ധ്രാ സ്വദേശികളായ യുവദമ്പതികളുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങൾ ഖബറടക്കി. കുവൈത്തിൽനിന്ന് ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയ ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാൻ ഗൗസ് (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച അസ്ർ നമസ്കാരത്തിനു ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കിയത്. എക്സിറ്റ് 15ലെ അൽരാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്കാരം നിർവഹിച്ചത്.
കഴിഞ്ഞ മാസം 25ന് വെള്ളിയാഴ്ച പുലർച്ച ആറുമണിക്ക് റിയാദ് നഗരത്തിന് കിഴക്ക് തുമാമയിലെ ഹഫ്ന - തുവൈഖ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ച ട്രെയ്ലറും കൂട്ടിയിടിച്ച് തീപിടിച്ചായിരുന്നു അപകടം. പൂർണമായും കത്തിയമർന്ന കാറിനുള്ളിൽ തീയിലകപ്പെട്ടാണ് നാലുപേരും മരിച്ചത്. കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിലായ മൃതദേഹങ്ങൾ റൂമ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. തുടർന്ന് ഡി.എൻ.എ പരിശോധനയിലൂടെയാണ് ഓരോ മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്.
കഴിഞ്ഞദിവസമാണ് ഡി.എൻ.എ പരിശോധനഫലം ലഭിച്ചത്. കെ.എം.സി.സി ജീവകാരുണ്യവിഭാഗം ചെയർമാനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിലാണ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹങ്ങൾ മറവുചെയ്തത്. അപകടമുണ്ടായ സമയം മുതൽ സഹായത്തിന് രംഗത്തിറങ്ങിയ ഇദ്ദേഹം സൗദി പൊലീസ്, ഫോറൻസിക് വിങ്, ആശുപത്രി, ഇന്ത്യൻ എംബസി എന്നിവയുമായെല്ലാം ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് നിയമനടപടികളെല്ലാം പൂർത്തീകരിച്ചത്.
പൊലീസും ഫോറൻസിക്, ആശുപത്രി ജീവനക്കാരും എംബസി ഉദ്യോഗസ്ഥരുമെല്ലാം നല്ല സഹകരണമാണ് നൽകിയതെന്നും എല്ലാവരുടെയും ഏകോപിപ്പിച്ച പ്രവർത്തനമാണ് ഒട്ടേറെ സങ്കീർണതകളുണ്ടായിരുന്നെങ്കിലും അതെല്ലാം തരണം ചെയ്ത് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹായിച്ചതെന്നും സിദ്ദീഖ് തുവ്വൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മരിച്ച ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്. അദ്ദേഹം കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു. അവിടെനിന്ന് സകുടുംബം ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തി ആദ്യം മക്കയിലെത്തി ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കിയ ശേഷം സ്ഥലങ്ങൾ കാണാൻ റിയാദിലേക്ക് വന്നതായിരുന്നു. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നതിനിടയിലായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.