റാബഖ് വാഹനാപകടം; ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു
text_fieldsജിദ്ദ: കഴിഞ്ഞ മാസം മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദിയിലെ റാബഖിൽ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി പാലത്തിങ്ങൽ ബീരാൻകുട്ടിയുടെ ഭാര്യ റംലത്ത് (50) ആണ് ഇന്ന് രാവിലെ മരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഇവർ ജിദ്ദ നോർത്ത് അബ്ഹൂർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ഒരുക്കത്തിനിടെയാണ് മരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് മരുമകൻ നൗഫൽ അറിയിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം തുവ്വൂർ സ്വദേശി ആലക്കാടൻ റിഷാദ് അലി, ഡ്രൈവർ മലപ്പുറം പുകയൂർ സ്വദേശി അബ്ദുൽ റഊഫ് കൊളക്കാടൻ എന്നിവർ നേരത്തെ മരിച്ചിരുന്നു.
കഴിഞ്ഞ മാസം ഏഴിനാണ് മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ റാബഖിൽ വെച്ച് ഒട്ടകത്തിലിടിച്ച് മറിഞ്ഞത്. മരിച്ച റംലത്തിന്റെ മകൾ റിൻസില, മകൻ മുഹമ്മദ് ബിൻസ് (16), നേരത്തെ മരിച്ച റിഷാദ് അലിയുടെ ഭാര്യഫർസീന മൂന്നര വയസ്സായ മകൾ അയ്മിൻ റോഹ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. റാബഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരിൽ ഫർസീന, മകൾ അയ്മിൻ റോഹ എന്നിവർ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് പോയിരുന്നു. റിൻസില, മുഹമ്മദ് ബിൻസ് എന്നിവർ ആശുപത്രി വിട്ട് ജിദ്ദയിലെ റൂമിൽ വിശ്രമത്തിലാണ്. റിൻസിലയുടെ ഭർത്താവ് തുവ്വൂർ മുണ്ടക്കോട് സ്വദേശി നൗഫൽ ജിദ്ദയിലുണ്ട്. മരിച്ച റംലത്തിന്റെ മറ്റൊരു മകൾ മുബശ്ശിറയും ഭർത്താവ് ഫൈസലും നാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.