കാർ നിർമാണം സൗദിയിൽ; ‘കിങ് സൽമാൻ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി കോംപ്ലക്സ്’ ആരംഭിച്ചു
text_fieldsജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ആരംഭിച്ച കിങ് സൽമാൻ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി പാർക്കിലെ ലൂസിഡ് മോട്ടോഴ്സ് ഫാക്ടറി
റിയാദ്: സൗദി അറേബ്യയിൽ വാഹനനിർമാണത്തിനായി പ്രത്യേക ഫാക്ടറി സമുച്ചയം. ലോകോത്തര കാർനിർമാണ കമ്പനികളെയെല്ലാം ആകർഷിക്കുംവിധം അത്യാധുനിക സൗകര്യങ്ങളോടെ രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയായ ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് ‘കിങ് സൽമാൻ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി കോംപ്ലക്സ്’ എന്ന പേരിൽ ഫാക്ടറി സമുച്ചയം ആരംഭിച്ചതായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്.
കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഓട്ടോമൊബൈൽ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള നിയുക്തപ്രദേശത്തിനാണ് ‘കിങ് സൽമാൻ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി പാർക്ക്’ എന്ന് പേരിട്ടത്. ഇത് രാജ്യത്തെ സാമ്പത്തിക വൈവിധ്യവത്കരണം കൈവരിക്കുന്നതിനുള്ള ഒരു പ്രധാന സ്റ്റേഷനായിരിക്കും. കൂടാതെ ഓട്ടോമോട്ടീവ് വ്യവസായ മേഖലക്കും സുസ്ഥിര ഗതാഗത പരിഹാരങ്ങൾക്കും സഹായകമാകും. എണ്ണയിതര ആഭ്യന്തര ഉൽപന്നത്തെ പിന്തുണക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനും മേഖലയുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഇതു കാരണമാകും.
ഉൽപാദനത്തിലും അനുബന്ധ ഗവേഷണത്തിലും വികസനത്തിലും പ്രാദേശിക കഴിവുകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിലൂടെയും പ്രാദേശിക, അന്തർദേശീയ വിപണികളുമായുള്ള വിതരണ ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കാനും അതിലെ കഴിവുകൾ പ്രാദേശികവത്കരിക്കാനും ഇത് സംഭാവന ചെയ്യും. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും സുസ്ഥിര വളർച്ച കൈവരിക്കുന്നതിനും സഹായം ചെയ്യും.
വാഹനമേഖലയിലെ പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ പ്രധാന കേന്ദ്രമായി ഈ സമുച്ചയം മാറും. സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് കാർ ബ്രാൻഡായ ‘സീർ’ ഫാക്ടറിയും 2023ൽ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ആദ്യത്തെ അന്താരാഷ്ട്ര ഫാക്ടറി തുറന്ന ‘ലൂസിഡ് മോട്ടോഴ്സും’ അവയിൽ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും.
കൂടാതെ രാജ്യത്ത് കാറുകൾ നിർമിക്കുന്നതിനായി ഉയർന്ന ഓട്ടോമേറ്റഡ് ഫാക്ടറി സ്ഥാപിക്കുന്നതിന് ‘ഹ്യുണ്ടായ് മോട്ടോർ’ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിർമാതാക്കളുമായി പൊതുനിക്ഷേപ ഫണ്ടിന്റെ നിരവധി സംയുക്തപദ്ധതികൾ സമുച്ചയത്തിലുണ്ട്. രാജ്യത്ത് ഒരു ടയർ ഫാക്ടറി സ്ഥാപിക്കാൻ ‘പിരെല്ലി’യുമായി ഒരു സംയുക്ത സംരംഭവും ഈ സമുച്ചയത്തിലുണ്ടാകും.
സ്വകാര്യമേഖലക്ക് അനുയോജ്യമായ നിക്ഷേപാവസരങ്ങൾ കണ്ടെത്തുന്നതിനും രാജ്യത്തിലെ വാഗ്ദാനമായ മേഖലകൾ വികസിപ്പിക്കുന്നതിനും ഈ സമുച്ചയം ലക്ഷ്യമിടുന്നു. ഇത് 2035ഓടെ എണ്ണയിതര ജി.ഡി.പിയിലേക്ക് 92 ശതകോടി റിയാലിലധികം സംഭാവന ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. പേമെൻറ് ബാലൻസിൽ നല്ല സ്വാധീനം കൈവരിക്കുക, പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക വ്യവസായത്തെ പിന്തുണക്കുക, രാജ്യത്തിന്റെ കയറ്റുമതി പ്രാദേശികമായും ആഗോളമായും വർധിപ്പിക്കുക എന്നിവയും സമുച്ചയം ലക്ഷ്യമിടുന്നു.
വാഹന, ഗതാഗത മേഖല സൗദി പൊതുനിക്ഷേപ ഫണ്ടിന്റെ മുൻഗണനാമേഖലകളിൽ ഒന്നാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക വിതരണശൃംഖലയുടെ വികസനത്തിന് പിന്തുണ നൽകുന്നതിനുമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ഓട്ടോമോട്ടീവ് മേഖലയിൽ നിരവധി നിക്ഷേപങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.