സി.ബി.എസ്.ഇ ഗൾഫ് സഹോദയ; പ്രിൻസിപ്പൽമാരുടെ 35ാമത് സമ്മേളനം റിയാദിൽ സമാപിച്ചു
text_fieldsറിയാദ്: സി.ബി.എസ്.ഇ ഗൾഫ് സഹോദയയുടെ 35ാമത് പ്രിൻസിപ്പൽമാരുടെ സമ്മേളനം ഈ മാസം 14, 15 തീയതികളിൽ റിയാദിൽ നടന്നു. റിയാദ് മാരിയറ്റ് ഹോട്ടലിലെ കൺവെൻഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ജി.സി.സി അംഗരാജ്യങ്ങളിലെ സി.ബി.എസ്.ഇ അംഗീകൃത സ്കൂളുകളുടെ 103 പ്രിൻസിപ്പൽമാർ പങ്കെടുത്തു. ‘ഇന്നവേഷൻ ഇൻ എജുക്കേഷൻ’ എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന വിഷയം.
ഉദ്ഘാടന സമ്മേളനത്തിൽ മോഡേൺ മിഡിലീസ്റ്റ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ശബാന പർവീൺ വിശിഷ്ടാതിഥികളെയും പ്രതിനിധികളെയും സ്വീകരിക്കുന്നതിന് നേതൃത്വം നൽകി. വിശിഷ്ടാതിഥികൾ നിലവിളക്ക് കൊളുത്തി ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സി.ബി.എസ്.ഇ സ്കൂളുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് ഉയർന്ന മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അന്തർലീനമായ മൂല്യങ്ങളുടെ സമഗ്രത നിലനിർത്തേണ്ടത് തലമുറകളുടെ മൂല്യവത്കരണത്തിന് ആവശ്യമാണെന്ന് സി.ബി.എസ്.ഇ അക്കാദമിക് ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവൽ പറഞ്ഞു. റിയാദ് ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പലും ഗൾഫ് സഹോദയ ചെയർമാനുമായ മിരാജ് മുഹമ്മദ് ഖാൻ സ്വാഗതവും സെക്രട്ടറി വി.ആർ. പളനി സ്വാമി നന്ദിയും പറഞ്ഞു. റിയാദ് സോണിലെ വിദ്യാർഥികളുടെ സാംസ്കാരിക പരിപാടിയായിരുന്നു ഉദ്ഘാടന സെഷനിലെ പ്രധാന ആകർഷണങ്ങളിലൊന്ന്.
അൽയാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് മോഡറേറ്ററായി. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ സുമന്ത ദത്ത, കോവിഡിന് ശേഷമുള്ള ലോകത്തിലെ സാങ്കേതികത-സംയോജിത പഠനത്തെക്കുറിച്ചും അതിെൻറ വ്യാപ്തിയെക്കുറിച്ചും സംസാരിച്ചു. ജിദ്ദ ന്യൂ അൽവറൂദ് സ്കൂൾ പ്രിൻസിപ്പൽ പീറ്റർ റൊണാൾഡ് മോഡറേറ്ററായി.
മോട്ടിവേഷനൽ സ്പീക്കർ രാഹുൽ കപൂർ, സി.ബി.എസ്.ഇ പബ്ലിക് റിലേഷൻ മീഡിയ ഡയറക്ടർ രമ ശർമ, ഐ.ടി വിദഗ്ധൻ സ്വപ്നിൽ കുമാർ, ഹൈദരാബാദ് നൽസർ യൂനിവേഴ്സിറ്റി ഓഫ് ലോ മുൻ വൈസ് ചാൻസലർ ഡോ. ഫൈസാൻ മുസ്തഫ, എജു വോയേജ് പ്രതിനിധി ശൈഖ് ഷിബിലി, ടെറൻസ്, ഇൻറർനാഷനൽ ബിസിനസ് നെക്സ്റ്റ് എജുക്കേഷൻ തലവൻ അർപിത് ദുഗ്ഗർ എന്നിവർ തുടർന്നുള്ള സെഷനുകളിൽ പ്രഭാഷണം നടത്തി.
ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഇംറാൻ, ദമ്മാം ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മെഹനാസ് ഫരീദ്, മജ്മഅ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷൗക്കത്ത് ഹയാത്ത്, ജുബൈൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഞ്ജുഷ ചിറ്റാലെ, റിയാദ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ, ജുബൈൽ ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ആമർ ഖാൻ, അൽ ആലിയ സ്കൂൾ പ്രിൻസിപ്പൽ ഷോൺ സി. തോമസ് എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ വിഖ്യാത സംഗീതജ്ഞൻ ഉസ്താദ് ഷുജാത്ത് ഹുസൈൻ ഖാന്റെ സംഗീതവിരുന്നും അരങ്ങേറി. സമാപന പരിപാടിയിൽ യാര സ്കൂൾ പ്രിൻസിപ്പൽ അസിമ സലീം അതിഥികളെയും സമ്മേളനപ്രതിനിധികളെയും സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.