ഗസ്സയിലും ലബനാനിലും വെടിനിർത്തൽ: സൗദി കിരീടാവകാശിയും ബ്ലിങ്കനും ചർച്ച നടത്തി
text_fieldsറിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും ചർച്ച നടത്തി. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യത്തിൽ നടത്തുന്ന മേഖല പര്യടനത്തിന്‍റെ ഭാഗമായി റിയാദിലെത്തിയ ബ്ലിങ്കന് അൽ യമാമ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിനിടെയായിരുന്നു ചർച്ച. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകളും ഇരുവരും അവലോകനം ചെയ്തു.
പൊതുതാൽപ്പര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഗസ്സയിലെയും ലെബനാനിലെയും സംഭവവികാസങ്ങൾ, സൈനികാക്രമണം നിർത്തുന്നതിനും ജനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ, യുദ്ധം മൂലമുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങൾ എന്നിവ ചർച്ച ചെയ്തു.
സ്വീകരണച്ചടങ്ങിൽ മന്ത്രിസഭ അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ, ജനറൽ ഇൻറലിജൻസ് മേധാവി ഖാലിദ് ബിൻ അലി അൽ ഹുമൈദാൻ, സൗദിയിലെ യു.എസ് അംബാസഡർ മൈക്കൽ റാറ്റ്‌നി എന്നിവർ പങ്കെടുത്തു.
ഗസ്സയിലെയും ലബനാനിലെയും സംഘർഷത്തിന് ശമനം വരുത്താനുള്ള സാധ്യതകൾ തേടി പശ്ചിമേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റിയാദിലെത്തിയത്.
കിരീടാവകാശിയുമായുള്ള ചർച്ചക്ക് മുമ്പ് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു വർഷം മുമ്പ് ഗസ്സ മുനമ്പിൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള 11-ാമത്തെ പശ്ചിമേഷ്യൻ പര്യടനമാണ് ബ്ലിങ്കന്‍റേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.