ഗസ്സയിലെ വെടിനിർത്തൽ: സൗദിയടക്കം വിവിധ രാജ്യങ്ങളും സംഘടനകളും സ്വാഗതം ചെയ്തു
text_fieldsജിദ്ദ: മേയ് 21 വെള്ളിയാഴ്ച പുലർച്ച രണ്ടിന് ഇൗജിപ്ഷ്യൻ മധ്യസ്ഥതയിൽ പ്രാബല്യത്തിൽ വന്ന ഗസ്സയിലെ വെടിനിർത്തലിനെ സൗദിയടക്കം വിവിധ രാജ്യങ്ങളും സംഘടനകളും സ്വാഗതം ചെയ്തു. സൗദി അറേബ്യക്കു പുറമെ വിവിധ ഗൾഫ് രാജ്യങ്ങൾ, ഒ.െഎ.സി, മുസ്ലിം വേൾഡ് ലീഗ്, ജി.സി.സി കൗൺസിൽ എന്നിവയും വെടിനിർത്തലിനെ സ്വാഗതം ചെയ്തതിലുൾപ്പെടും.
ഗസ്സയിലെ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം നിർത്തലാക്കാൻ ഇൗജിപ്തും മറ്റ് അന്താരാഷ്ട്ര പാർട്ടികളും നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷം സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങൾക്കും തീരുമാനങ്ങൾക്കും അറബ് സമാധാന സംരംഭങ്ങൾക്കും അനുസൃതമായി ഫലസ്തീൻ പ്രശ്നത്തിനു നീതിപൂർവകമായ പരിഹാരമുണ്ടാകുമെന്നും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം ഫലസ്തീൻ ജനതക്കുണ്ടാകുമെന്നും ഉറ്റുനോക്കുന്നു. ഒത്തുതീർപ്പിെൻറ നേട്ടങ്ങൾ യഥാർഥ്യമാകാൻ സഹോദര, സൗഹൃദ രാജ്യങ്ങളുമായി സഹകരിച്ചുള്ള ശ്രമങ്ങൾ സൗദി അറേബ്യ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഒ.െഎ.സി
ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടുണ്ടെങ്കിൽ ഫലസ്തീൻ പ്രശ്നത്തിനു ശാശ്വതവും സമഗ്രവും സമാധാനപരവുമായ പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഒ.െഎ.സി വ്യക്തമാക്കി.
ഫലസ്തീൻ പ്രശ്നത്തിനു നീതിയുക്തവും ശാശ്വതവുമായ പരിഹാരമെന്നത് അന്താരാഷ്ട്ര തീരുമാനങ്ങൾക്കും അറബ് സമാധാന സംരംഭങ്ങൾക്കും അനുസൃതമായി 1067 അതിർത്തി പ്രകാരം കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രമുണ്ടാകലാണ്. അറബ്, മുസ്ലിം രാജ്യങ്ങളുടെ ആവശ്യപ്രകാരം നടന്ന യു.എൻ പൊതുസഭയുടെ അടിയന്തര യോഗത്തിൽ ഒ.െഎ.സിയുടെ പങ്കാളിത്തമുണ്ടായതായി ജനറൽ സെക്രട്ടറി ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉസൈമീൻ പറഞ്ഞു.
ഫലസ്തീൻ ജനതക്കും അവരുടെ ഭൂമിക്കും പവിത്രമായ സ്ഥലങ്ങൾക്കുമെതിരായ ഇസ്രായേലി ആക്രമണങ്ങൾക്കും ലംഘനങ്ങൾക്കും അറുതിവരുത്താനും അതിെൻറ ഉത്തരവാദിത്തങ്ങൾ വഹിക്കാൻ അന്താരാഷ്ട്ര സമൂഹത്തെ നിർബന്ധിതരാക്കുന്നതിനും ഒ.െഎ.സി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ്. 2021 മേയ് 16ന് നടന്ന ഒ.െഎ.സി വിദേശകാര്യ മന്ത്രിതല എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അസാധാരണ യോഗം അംഗീകരിച്ച തീരുമാനം വീണ്ടും ആവർത്തിക്കുന്നു.
കിഴക്കൻ ജറൂസലം ഉൾപ്പെടെയുള്ള ഫലസ്തീൻ പ്രദേശത്തെ ഇസ്രായേൽ അധിനിവേശത്തെ പൂർണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്നതാണത്. ഫലസ്തീൻ ഭൂമി അധിനിവേശപ്പെടുത്തലിലൂടെ നൂറുക്കണക്കിനു ഫലസ്തീൻ കുടുംബങ്ങളെ കിഴക്കൻ ജറൂസലമിലെ വീടുകളിൽ ബലംപ്രയോഗിച്ചു ഒഴിപ്പിക്കുന്നതിനെ ആശങ്കയോടെ കാണുന്ന കാര്യം വിദേശകാര്യ മന്ത്രിതല യോഗം വ്യക്തമാക്കിയത് സ്ഥിരീകരിക്കുന്നുവെന്നും ഒ.െഎ.സി സെക്രട്ടറി ജനറൽ പറഞ്ഞു.
മുസ്ലിം വേൾഡ് ലീഗ്
ഗസ്സ, ജറൂസലം എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) സ്വാഗതം ചെയ്തു. അതോടൊപ്പം ഫലസ്തീൻ ജനതയുടെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അടിയന്തര ശ്രമങ്ങൾ ഉണ്ടാവണമെന്നും മുസ്ലിം വേൾഡ് ലീഗ് ആവശ്യപ്പെട്ടു.
ഇസ്രായേൽ അടുത്തിടെ നടത്തിയ ആക്രമണത്തിൽ നിരപരാധികളായ നിരവധി പേരാണ് മരിച്ചത്. ജനങ്ങളുടെ ജീവിതത്തിെൻറ പവിത്രത സംരക്ഷിക്കേണ്ടത് പരമപ്രധാനമാണെന്ന് മക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന, ലോകത്തെ 1.8 ബില്യൺ മുസ്ലിംകളുടെ താൽപര്യങ്ങളെ പ്രതിനിധാനംചെയ്യുന്ന മുസ്ലിം വേൾഡ് ലീഗ് ഉറച്ചുവിശ്വസിക്കുന്നു.
ഇസ്ലാമിെൻറ സമാധാനപരമായ മിതവാദ സ്വഭാവം മുസ്ലിം വേൾഡ് ലീഗ് ഉൗന്നിപ്പറഞ്ഞു. എല്ലാ മതങ്ങളും യോജിപ്പും സമാധാനപരവുമായ സഹവർത്തിത്വത്തിെൻറ തത്ത്വങ്ങളെ പവിത്രമായി കണക്കാക്കുന്നുണ്ട്. അതിനാൽ ആ മൂല്യങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ജറൂസലമിലെയും മറ്റ് സ്ഥലങ്ങളിലെയും മുസ്ലിം പുണ്യസ്ഥലങ്ങളുടെ പവിത്രത അധികാരികൾ സംരക്ഷിക്കണം.
ഫലസ്തീനികൾക്കെതിരായ കുടിയൊഴിപ്പിക്കലുകളും മറ്റു പ്രകോപനപരമായ നടപടികളും അവസാനിപ്പിക്കണം. അറബ് സമാധാന സംരംഭത്തിെൻറ അടിസ്ഥാനത്തിൽ ഫലസ്തീൻ ജനതക്ക് രാഷ്ട്രം സ്ഥാപിക്കുന്നതിനും നീതിയും സമഗ്രവുമായ സമാധാനത്തിനും വേണ്ടി ആവശ്യപ്പെടുന്നു. ഇതുവഴി ഫലസ്തീനികൾക്ക് അവരുടെ നിയമാനുസൃത അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക മാത്രമല്ല, പ്രദേശത്തിന് സുസ്ഥിര സമാധാനവും സുരക്ഷയും നൽകുകയും ചെയ്യുമെന്നും മുസ്ലിം വേൾഡ് ലീഗ് പ്രസ്താവനയിൽ വ്യക്തമാക്കി.
ജി.സി.സി കൗൺസിൽ
ഗസ്സയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങൾ അന്താരാഷ്ട്ര കരാറുകളും അറബ് സമാധാന സംരംഭങ്ങളും അടിസ്ഥാനമാക്കി സമാധാന ശ്രമം പുനരുജ്ജീവിപ്പിക്കാനും ഫലസ്തീൻ പ്രശ്നത്തിന് ന്യായമായ പരിഹാരത്തിലെത്താനും വേണ്ട ലോക നിലപാട് ആവശ്യപ്പെടുന്നുവെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ നാഇഫ് അൽ ഹജ്റഫ് പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ നേരിടാൻ നടത്തിയ അറബ്-ഇസ്ലാമിക നീക്കങ്ങളെ ഡോ. അൽ ഹജ്റഫ് പ്രശംസിച്ചു. യു.എൻ പൊതുസഭയുടെ പ്രത്യേക സമ്മേളനത്തെ വിലമതിക്കുകയും ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ, തുനീഷ്യ, യു.എൻ സെക്രട്ടറി ജനറൽ എന്നിവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.