ആഘോഷിച്ച വർഷം
text_fieldsറിയാദ്: സൗദി അറേബ്യയിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് കടന്നുപോയത്. രാജ്യത്തിന്റെ തലസ്ഥാന നഗരി ഇതിന് മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഉത്സവകാലത്തിന്റെ ഓർമകൂടിയാണ് 2021. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മേളകൾക്കാണ് റിയാദ് പോയ വർഷം വേദിയായത്. 'ഇമാജിൻ മോർ' എന്ന തലവാചകത്തിൽ സൗദി എന്റർടെയിൻമെന്റ് അതോറിറ്റി സംഘടിപ്പിച്ച റിയാദ് സീസൺ ലോകശ്രദ്ധ നേടി. വിഖ്യാത അമേരിക്കൻ റാപ്പർ പിറ്റ് ബുൾ സംബന്ധിച്ച ഉദ്ഘാടന മാമാങ്കത്തിൽ പങ്കെടുത്തത് ഏഴര ലക്ഷം പേരാണ്. ഇതായിരുന്നു ചരിത്ര മാറ്റത്തിന്റെ തുടക്കം. തുടർന്ന് ഓരോ ദിവസവും വൈവിധ്യങ്ങളുടെ രാവ് തീർത്താണ് സീസൺ മുന്നോട്ടുപോകുന്നത്. 14 വേദികളിലായി ആരംഭിച്ച സീസണിൽ കാഴ്ചക്കാരിൽ കൗതുകം തീർക്കുന്ന വേദികളാണ് പലതും. ഏറ്റവും മനോഹരമായി രൂപകൽപന ചെയ്ത ബോളീവാഡ് വേദിയിലേക്ക് ദിനേന എത്തുന്നത് ലോകപ്രശസ്ത കലാകാരന്മാരാണ്. ഇന്ത്യൻ സിനിമയുടെ താര രാജാവ് സൽമാൻ ഖാനും സംഘവും സംഘടിപ്പിച്ച "ദ ബാങ് ദ ടൂർ റീലോഡഡ്" എന്ന കലാവിരുന്നിന് അഭൂതപൂർവമായ ജനത്തിരക്കാണ് ബോളീവാർഡിൽ അനുഭവപ്പെട്ടത്.
രാവിനെ പാടി വെളുപ്പിച്ച എം.ഡിയൽ ബീസ്റ്റിനും 2021 ൽ ഉഗ്രസ്വീകരണമാണ് ലഭിച്ചത്. വിഖ്യാത ഡിജെ ഗായകരായ ഡേവിഡ് ഗൊത്ത, ഡിജെ സ്നേക് അമ്ർ ദിയാബ്, നാൻസി അജ്റാം തുടങ്ങി നീണ്ട നിരയാണ് റിയാദിലെ ആസ്വാദകരെ ആനന്ദലഹരിയിലമർത്തിയത്. മൂന്നു രാത്രിയിലെ പരിപാടിക്കെത്തിയത് 5,79,000 സന്ദർശകരാണ്. വെറുമൊരു ഉത്സവത്തിനപ്പുറത്ത് സാംസ്കാരിക മാറ്റത്തിന് കൂടിയാണ് പോയ വർഷം രാജ്യം സാക്ഷിയാകുന്നത്. ആയിരക്കണക്കിന് വിദേശികളാണ് റിയാദ് സീസൺ ആസ്വദിക്കാൻ സൗദിയിലെത്തിയത്. അത്യുന്നതമായ ആതിഥേയത്വത്തോടെ വിദേശികളെയും പുതിയ മാറ്റങ്ങളെയും സ്വീകരിക്കുകയാണ് സ്വദേശികൾ. വേദികളിലെല്ലാം സാംസ്കാരിക വിനിമയം നടക്കുന്നതിന്റെ ഊഷ്മളമായ കാഴ്ചയും ശ്രദ്ധേയമാണ്. റിയാദ് സീസണ് പുറമെ ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളകൾക്കും പ്രാപ്പിടിയൻ പക്ഷികളുടെ പ്രദർശനത്തിനും ലേലത്തിനും 2021 സാക്ഷിയാണ്. 2021ന്റെ തുടക്കത്തിൽ കോവിഡ് കേസുകൾ 200ൽ താഴെയായിരുന്നു. പിന്നീട് ഓരോ ദിവസവും താഴോട്ടായിരുന്നു. സമാധാനത്തിന്റെ തീരത്തേക്ക് അടുക്കുമ്പോഴാണ് ഡിസംബറിന്റെ തുടക്കം മുതൽ വീണ്ടും പെരുകിത്തുടങ്ങുന്നത്. കോവിഡ് പോസിറ്റിവ് കേസുകൾ ആയിരത്തോട് അടുക്കുന്ന ഒട്ടും ശുഭകരമല്ലാത്ത വാർത്തയോടൊപ്പമാണ് പുതുവർഷം പിറക്കുന്നത്. ആക്രമണശേഷി കുറഞ്ഞ വകഭേദങ്ങളാണ് കണ്ടുവരുന്നത് എന്നത് പുതുവർഷത്തിന്റെ പ്രതീക്ഷയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.