സെൻസസ്: മേയ് 31 വരെ ഓൺലൈൻ വഴി പേരുചേർക്കാം
text_fieldsയാംബു: സൗദി സെൻസസ് 2022 രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പുരോഗമിക്കുന്നു. ഓൺ ലൈൻ വഴി സെൻസസിൽ പേരും മറ്റുവിവരങ്ങളും സ്വയം ചേർക്കാനുള്ള സമയം മേയ് 31 വരെ നീട്ടിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. മേയ് 25 വരെയായിരുന്നു നേരത്തേ ഓൺ ലൈൻ വഴി പേരുചേർക്കാൻ അവസരം നൽകിയിരുന്നത്.
രാജ്യത്തെ സ്വദേശികളിൽ നിന്നും താമസക്കാരിൽ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് തീയതി ആറു ദിവസം കൂടി നീട്ടിയത്. സെൻസസിൽ രാജ്യത്തെ മുഴുവൻ താമസക്കാരും പങ്കാളികളാവേണ്ടത് നിർബന്ധമാണെന്നും സെൻസസ് പ്രവർത്തനങ്ങൾക്ക് തടസ്സം വരുത്തുന്നവർക്കും ഉദ്യോഗസ്ഥരുമായി സഹകരിക്കാത്തവർക്കുമെതിരെ പിഴ ചുമത്തുന്നതടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തേ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്‍മാർട്ട് ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ http://survey.saudicensus.sa/en എന്ന ലിങ്ക് ഉപയോഗിച്ച് സെൻസസ് ഫോറം സ്വയം പൂരിപ്പിക്കാൻ സാധിക്കും. കൃത്യവും പൂർണവുമായ നിലക്ക് എല്ലാവരും സെൻസസ് പ്രക്രിയയിൽ പങ്കെടുക്കൽ ദേശീയ ബാധ്യതയാണ്. അധികൃതർ നൽകേണ്ട ആരോഗ്യ,വിദ്യാഭ്യാസ, സാമൂഹിക സേവനങ്ങൾക്കും മികച്ച ഭാവിക്കുള്ള തയാറെടുപ്പിനും രാജ്യത്തെ താമസക്കാരുടെ കൃത്യമായ ഡേറ്റ ലഭിക്കുക എന്നത് അനിവാര്യമാണെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് ബിൻ സാദ് അൽ ദഖീനി ചൂണ്ടിക്കാട്ടി.
ഓൺലൈൻ വഴി സെൻസസിൽ ഇതുവരെ പങ്കെടുത്തവർ 40 ലക്ഷത്തിന് മുകളിലെത്തിയതായാണ് അധികൃതർ പുറത്തുവിട്ട കണക്ക്. മേയ് 10 ന് തുടക്കം കുറിച്ച രണ്ടാംഘട്ട സെൻസസ് നടപടികൾ പൂർത്തിയാക്കാൻ വൻ സംവിധാനങ്ങളാണ് അധികൃതർ എടുത്തിട്ടുള്ളത്. ഓൺലൈൻ സെൻസസ് പ്രക്രിയക്കൊപ്പം ഫീൽഡ് സന്ദർശനവും സജീവമായി നടക്കുന്നുണ്ട്.
ജൂൺ പകുതിയോടെ സെൻസസ് പൂർത്തിയാക്കാനും ഈ വർഷം അവസാനത്തോടെ കണക്കുകൾ പ്രസിദ്ധീകരിക്കുവാനുമാണ് അതോറിറ്റി ലക്ഷ്യം വെക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും സ്വദേശികളും സെൻസസിൽ പൂർണമായി സഹകരിക്കുന്നുണ്ട്.
ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരുന്നാൽ ആദ്യഘട്ടത്തിൽ 500 റിയാൽ പിഴചുമത്തുമെന്നും ആവർത്തിച്ചാൽ 1000 റിയാൽ പിഴയാണ് ചുമത്തുമെന്നും ബന്ധപ്പെട്ടവർ നേരത്തേ വ്യക്തമാക്കിയിരുന്നു.
സെൻസസ് ഉദ്യോഗസ്ഥർ താമസസ്ഥലങ്ങളിൽ എത്തുമ്പോൾ ഹാജരില്ലാത്ത താമസക്കാർക്ക് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് വിവരങ്ങൾ നൽകാൻ കഴിയുന്നത് പലർക്കും ഏറെ സൗകര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.