കേരള സർക്കാറിനെ അട്ടിമറിക്കാൻ കേന്ദ്രം ഗവർണറെ ഉപയോഗിക്കുന്നു -നവോദയ കൺവെൻഷൻ
text_fieldsജിദ്ദ: കേരള സർക്കാറിനെ അട്ടിമറിക്കാൻ കേന്ദ്രം ഗവർണറെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജിദ്ദ നവോദയ അനാകിഷ് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇന്ത്യ കണ്ട ഏറ്റവും നല്ല ജനകീയ സർക്കാറിനെതിരെ നിസ്സഹായരായ പ്രതിപക്ഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകികൊണ്ട് ഇടതു പക്ഷ സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം തുടരുകയാണ്. തനിക്കെതിരെ പ്രസംഗിക്കുന്ന മന്ത്രിമാരെ വരെ മാറ്റണം എന്നാവശ്യപ്പെട്ട് ഗവർണർ തന്നോട് ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമങ്ങളെ വിലക്കുന്നിടത്തുവരെ കാര്യങ്ങൾ എത്തിനിൽക്കുന്നു.
ഭരണഘടനാ സംരക്ഷകനായി വർത്തിക്കേണ്ട ഗവർണർ ഭരണഘടന ചട്ടങ്ങൾ കാറ്റിൽ പറത്തി ആർ.എസ്.എസിന് വിടുപണി ചെയ്തുകൊണ്ട് സ്വയം അപഹാസ്യനായി തീർന്നുകൊണ്ടിരിക്കുന്നു. ജനങ്ങൾ ഭൂരിപക്ഷം നൽകി അധികാരത്തിൽ എത്തിച്ച ഇടതുപക്ഷ സർക്കാറിനെ അസ്ഥിരപ്പെടുത്താനും ആർ.എസ്.എസിന് ചട്ടുകമായി പ്രവർത്തിച്ചുകൊണ്ട് ഗവർണർ പദവിയെ അവഹേളിച്ചുകൊണ്ടിരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവൃത്തികളിൽ അനാകിഷ് ഏരിയ കൺവെൻഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പ്രവാസികൾ യാത്രചെയ്യാൻ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണ അവസാനിപ്പിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുവാനുള്ള സൗകര്യം എത്രയും പെട്ടെന്ന് ഏർപ്പെടുത്തണമെന്ന് കൺവെൻഷൻ കേന്ദ്ര സർക്കാറിനോടഭ്യർഥിച്ചു.
ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗഫൂർ മമ്പുറം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രേംകുമാർ വട്ടപ്പൊയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കൺവെൻഷനിൽ പ്രതിനിധികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കേന്ദ്ര കമ്മിറ്റി അംഗം ഹഫ്സ മുസാഫർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.എം അബ്ദുൽറഹ്‌മാൻ, ഫിറോസ് മുഴുപ്പിലങ്ങാട്, ജലീൽ ഉച്ചാരക്കടവ്, അനുപമ ബിജുരാജ്, റഫീഖ് പത്തനാപുരം, ടി.കെ. മുസ്തഫ എന്നിവർ സംസാരിച്ചു.
കേന്ദ്ര കമ്മിറ്റി മെമ്പർമാരായ ബിജുരാജ് രാമന്തളി, കെ.എച്ച് ഷിനു, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം സിജി പ്രേംകുമാർ, ഏരിയ ജോയന്റ് സെക്രട്ടറി അബ്ദുൽ ഖാദർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം മുസാഫർ പാണക്കാട് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.