സർട്ടിഫിക്കറ്റിൽ ഡിപ്ലോമ ഇല്ല; നിരവധി നഴ്സുമാർ പിരിച്ചുവിടൽ ഭീഷണിയിൽ
text_fieldsറിയാദ്: സർട്ടിഫിക്കറ്റിൽ ഡിപ്ലോമ എന്നില്ലാത്തതിനാൽ നിരവധി നഴ്സുമാർ സൗദി അറേബ്യയിൽ പിരിച്ചുവിടൽ ഭീഷണിയിൽ. ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് എന്ന സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ ഇനി വർക്ക് പെർമിറ്റ് ലഭിക്കൂ എന്നാണ് വിവരം. സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ തീരുമാനം നിലവിൽ ഇവിടെ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇന്ത്യൻ നഴ്സുമാരെ പ്രതികൂലമായി ബാധിക്കും. ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് പാസായ ശേഷം സൗദിയിലെത്തി ജോലി ചെയ്യുന്നവരുടെ വർക്ക് പെർമിറ്റ് പുതുക്കണമെങ്കിൽ സർട്ടിഫിക്കറ്റിൽ ഡിപ്ലോമ എന്നുണ്ടാവണം. 2005ന് മുമ്പ് പാസായവരുടെ സർട്ടിഫിക്കറ്റിൽ ഡിപ്ലോമ എന്നില്ല. ഇതാണ് നഴ്സുമാരെ ആശങ്കയിലാഴ്ത്തുന്നത്.
ഇന്ത്യയിലെ അതാത് സംസ്ഥാന നഴ്സിങ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് റിക്രൂട്ടിങ് സമയത്ത് ഇവർ യോഗ്യത സർട്ടിഫിക്കറ്റായി മന്ത്രാലയത്തിൽ ഹാജരാക്കിയത്. അതിന് അനുസൃതമായി ലഭിച്ച ലൈസൻസിലാണ് ഇൗ കാലം വരെയും ജോലി ചെയ്തുവന്നതും. എന്നാലിപ്പോൾ ഇൗ നിയമത്തിൽ മാറ്റം വരുത്തി എന്നാണ് നഴ്സുമാർക്ക് ലഭിക്കുന്ന വിവരം. ഡിപ്ലോമ ഇല്ലാത്തവരുടേത് പുതുക്കാനിടയില്ല. അങ്ങനെ സംഭവിച്ചാൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഇത്തരത്തിൽ സംഭവിക്കാനിടയുള്ള കൂട്ടപിരിച്ചുവിടൽ ഭീഷണിയെ ഗൗരവപൂർവം കാണണമെന്നും പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് നഴ്സുമാർ ഇന്ത്യൻ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നഴ്സുമാർ അയച്ച നിവേദനത്തിൽ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയ പുതിയ സർട്ടിഫിക്കറ്റ് നൽകാൻ നഴ്സിങ് കൗൺസിലിനോട് ആവശ്യപ്പെടണമെന്നും ഇക്കാര്യം സൗദി ആരോഗ്യമന്ത്രാലയത്തെ ബോധ്യപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2005ന് ശേഷം ജനറൽ നഴ്സിങ് കോഴ്സ് പാസായവരുടെ സർട്ടിഫിക്കറ്റുകളിലെല്ലാം ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പുള്ള ആരുടേയും സർട്ടിഫിക്കറ്റിൽ ഡിപ്ലോമ ഇല്ല. പുതുതായി ജോലിക്കെത്തുന്നവരെല്ലാം നഴ്സിങ് ബിരുദമുള്ളവരാണ്. അതുകൊണ്ട് തന്നെ നിയമത്തിലെ ഇൗ മാറ്റം ബാധിക്കുക നിരവധി വർഷങ്ങളായി ജോലി ചെയ്യുന്ന സീനിയർ നഴ്സുമാരെ തന്നെയാവും. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ മാത്രമല്ല സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ജനറൽ നഴ്സുമാർക്കും ഇത് പ്രതികൂലമാണ്.
രൂക്ഷമായേക്കാവുന്ന ഇൗ പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജിദ്ദ നവോദയ ഇൗ വിഷയം കേരള നഴ്സിങ് അസോസിയേഷൻ, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപെടുത്തി. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ നൂർ റഹ്മാൻ ശൈഖിന് നിവേദനം നൽകുകയും ചെയ്തു. കേരള ബി.ജെ.പി എൻ.ആർ.െഎ സെൽ സൗദി ഘടകം സുഷമ സ്വരാജിന് പരാതി നൽകിയതായി ഭാരവാഹി ബാബു കല്ലുമല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.