വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് സെസ് ഏർപ്പെടുത്തും
text_fieldsജിദ്ദ: വിദേശങ്ങളിൽനിന്ന് സൗദിയിൽ ഇറക്കുമതിചെയ്യുന്ന ഉപയോഗിച്ചതും പഴയതുമായ വാഹനങ്ങൾക്ക് സെസ് ഏർപ്പെടുത്തുന്നു. ഊർജകാര്യക്ഷമത, കാലപ്പഴക്കം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾക്ക് നിരക്കാത്ത വാഹനങ്ങൾക്ക് 50 ശതമാനംവരെ സെസ് ബാധകമാക്കാനാണ് സർക്കാർ വകുപ്പുകളുടെ നീക്കം.
ഇത്തരം വാഹനങ്ങൾക്ക് വിലയുടെ 20 മുതൽ 50 ശതമാനംവരെയാണ് സെസ് ഈടാക്കുക. വാഹന ഇറക്കുമതി സെസ് എന്നപേരിൽ പ്രത്യേക ഫീസ് ബാധകമാക്കാൻ ഉന്നതാധികൃതർ അനുമതി നൽകിയിട്ടുണ്ട്.
ഈ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത വാഹനങ്ങൾ ഇറക്കുമതിചെയ്യുന്ന സൗദി പൗരന്മാരിൽനിന്നും പ്രീമിയം ഇഖാമ ഉടമകളിൽനിന്നും വാഹനവിലയുടെ 20 ശതമാനം മുതൽ 50 ശതമാനംവരെ 20,000 റിയാലിൽ കുറയാത്ത തുകയാണ് പ്രത്യേക സെസ് ആയി ഈടാക്കുക. ഊർജ കാര്യക്ഷമതയും പഴക്കവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾക്ക് നിരക്കാത്ത സ്‌പോർട്‌സ് വാഹനങ്ങളും വിന്റേജ് വാഹനങ്ങളും ഇറക്കുമതിചെയ്യാൻ അനുവദിക്കണമെന്ന നിർദേശത്തെയും ഇത്തരം വാഹനങ്ങൾ രാജ്യത്തെ റോഡുകളിലൂടെ ഓടിക്കാൻ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളെയും കുറിച്ച് വാണിജ്യ മന്ത്രാലയം, ഊർജ മന്ത്രാലയം, സൗദി ട്രാഫിക് ഡയറക്ടറേറ്റ്, സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ, സൗദി സ്റ്റാൻഡേഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവ അടങ്ങിയ പ്രത്യേക കമ്മിറ്റി പഠിച്ചുവരുകയാണ്.
ഇത്തരം വാഹനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ അടക്കേണ്ടിവരുന്ന സെസ് മുൻകൂട്ടി മനസ്സിലാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന സംവിധാനം സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.