ജിദ്ദ കെ.എം.സി.സിയുടെ സി.എച്ച് സെന്റർ ഫണ്ട് 37 ലക്ഷം രൂപ വിതരണം ചെയ്തു
text_fieldsമലപ്പുറം: കേരളത്തിലെ വിവിധ സി.എച്ച് സെൻററുകൾക്കായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വാർഷിക സഹായം വിതരണം ചെയ്തു. കേരളത്തിലെ 19 സി.എച്ച് സെന്ററുകൾക്കായി 37 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. പാണക്കാട് നടന്ന ചടങ്ങിൽ ജിദ്ദ കെ.എം.സി.സി ഭാരവാഹികൾ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കാണ് ഫണ്ട് കൈമാറിയത്.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മണ്ണാർക്കാട്, മഞ്ചേരി, മലപ്പുറം, മങ്കട, നിലമ്പൂർ, തിരൂർ, വേങ്ങര, ചെമ്മാട്, ചൂലൂർ, ഒഴുകൂർ, പടിഞ്ഞാറ്റുമുറി, കൊണ്ടോട്ടി, കോഴിക്കോട്, വയനാട്, തളിപ്പറമ്പ്, കാസർകോട് എന്നീ സി.എച്ച് സെന്ററുകൾക്കാണ് സഹായം നൽകിയത്.
മലപ്പുറം പാണക്കാട് നടന്ന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ തുടങ്ങിയ മുസ്ലിംലീഗ് നേതാക്കളും ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, അൻവർ ചേരങ്കെ, വി.പി. മുസ്തഫ, ശിഹാബ് താമരക്കുളം, എ.കെ. മുഹമ്മദ് ബാവ, മറ്റു കെ.എം.സി.സി നേതാക്കളും വിവിധ സി.എച്ച് സെൻറർ ഭാരവാഹികളും പങ്കെടുത്തു.
കേരളത്തിലെ പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന വിവിധ സർക്കാർ മെഡിക്കൽ കോളജുകളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെന്ററുകൾക്ക് വൻകിട മെഡിക്കൽ പദ്ധതികൾ ജിദ്ദ കെ.എം.സി.സി മുൻ വർഷങ്ങളിൽ ഏറ്റെടുത്ത് പൂർത്തിയാക്കി നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജിനു സമീപം ജിദ്ദ കെ.എം.സി.സിയുടെ ചെലവിൽ നിർമിക്കുന്ന ആലപ്പുഴ സി.എച്ച് സെൻറർ ബഹുനില കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
പ്രവാസം നിർത്തി നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന മുൻ പ്രവാസികളിലെ പാവപ്പെട്ട രോഗികൾക്ക് സി.എച്ച് സെൻററുകളിൽനിന്നുള്ള മെഡിക്കൽ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം സി.എച്ച് സെൻററുമായി സഹകരിച്ച് ജിദ്ദ കെ.എം.സി.സി പുതിയ പ്രവാസി മെഡിക്കൽ സെൻറർ ആരംഭിക്കുന്നുണ്ട്. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ അടുത്തയാഴ്ച ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.