‘ഇന്ത്യയിൽ മാധ്യമപ്രവർത്തനവും അഭിപ്രായ സ്വാതന്ത്ര്യവും വെല്ലുവിളി നേരിടുന്നു’
text_fieldsറിയാദ്: വർത്തമാനകാല ഇന്ത്യയിൽ മാധ്യമപ്രവർത്തനവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളിയിൽ ആശങ്ക പ്രകടിപ്പിച്ച് റിയാദിലെ ചില്ല സർഗവേദിയുടെ പ്രതിമാസ വായന പരിപാടി. ബത്ഹയിലെ ശിഫ അൽ ജസീറ ക്ലിനിക് ഹാളിൽ നടന്ന സംവാദത്തിൽ പങ്കെടുത്തവർ ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യാൻ ഉത്തരവിടുകയും അത് പ്രദർശിപ്പിച്ച വിദ്യാർഥികൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യം ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുമെന്ന് അഭിപ്രായപ്പെട്ടു.
സംവാദത്തിന് മുന്നോടിയായി ആനന്ദിന്റെ ‘ആൾക്കൂട്ടം’, സാറാ ജോസഫിന്റെ ‘ബുധിനി’, അശോകൻ ചരുവിലിന്റെ ‘കാട്ടൂർക്കടവ്’, എമിലി ബ്രോണ്ടിയുടെ ‘വതറിങ് ഹൈറ്റ്സ്’, കെ.എൻ. പണിക്കരുടെ ‘കലുഷിതമായ കാലം’, ഷെരീഫ് ചുങ്കത്തറയുടെ ‘ഇന്ത്യ 350 സി.സി’ എന്നീ പുസ്തകങ്ങളുടെ വായനാനുഭവങ്ങളുടെ അവതരണം നടന്നു.
വതറിങ് ഹൈറ്റ്സിന്റെ വായനാനുഭവം പങ്കുവെച്ച് സജന മടപ്പള്ളി പരിപാടിക്ക് തുടക്കം കുറിച്ചു. ഷെരീഫ് ചുങ്കത്തറ എഴുതിയ ഇന്ത്യൻ യാത്രാനുഭവങ്ങളുടെ സമാഹാരമായ ‘ഇന്ത്യ 350 സി.സി’ ഫൈസൽ കൊണ്ടോട്ടി അവതരിപ്പിച്ചു. സീബ കൂവോട് അവതരിപ്പിച്ച ‘ബുധിനി’ വികസന പദ്ധതികളുടെ പേരിൽ സ്വന്തം മണ്ണിൽനിന്ന് കുടിയിറക്കപ്പെടുന്ന ഗോത്രജനതയുടെ കഥയാണ് പറയുന്നത്.
അത്തരം ഗോത്രങ്ങളിലും ഏറ്റവും അടിച്ചമർത്തപ്പെടുന്നതും ഒറ്റപ്പെടുത്തപ്പെടുന്നതും സ്ത്രീകളാണ് എന്ന വസ്തുത കൂടി നോവൽ പങ്കുവെക്കുന്നു എന്ന് അവതാരക ചൂണ്ടിക്കാട്ടി. അശോകൻ ചരുവിലിന്റെ ഏറ്റവും പുതിയ നോവൽ കാട്ടൂർക്കടവിന്റെ വായനാനുഭവം വിപിൻ കുമാർ അവതരിപ്പിച്ചു. കാട്ടൂർക്കടവ് എന്ന ദേശത്തിലൂടെ ഇതിഹാസമാനമുള്ള കഥാപ്രപഞ്ചം തീർക്കുകയാണ് എഴുത്തുകാരൻ എന്ന് അവതാരകൻ അഭിപ്രായപ്പെട്ടു.
‘കലുഷിതമായ കാലം’ എന്ന പുസ്തകം കെ.എൻ. പണിക്കരുടെ തന്നെ ജീവിതാനുഭവങ്ങളുടെ ശക്തമായ പകർപ്പാണെന്ന് പുസ്തകം അവതരിപ്പിച്ച സുരേഷ് ലാൽ പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിൽ ചരിത്രാധ്യാപകനായി ജോലി ചെയ്ത ഗ്രന്ഥകാരന്റെ വിപുലവും വൈവിധ്യപൂർണവുമായ അനുഭവങ്ങൾ കൃത്യമായ ആശയരൂപമുള്ള ചരിത്രകാരനെയും സാമൂഹിക മനുഷ്യനെയും പരുവപ്പെടുത്തിയ പ്രക്രിയ പുസ്തകത്തിൽ വായിച്ചെടുക്കാൻ സാധിക്കുന്നു എന്ന് അവതാരകൻ വിലയിരുത്തി. കൊമ്പൻ മൂസ അവതരിപ്പിച്ച ‘ആൾക്കൂട്ടം’ മലയാള നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ്.
ആധുനിക ജീവിതത്തിന്റെ സമസ്യകളിൽപെട്ട് സ്വത്വം നഷ്ടപ്പെടുന്ന മനുഷ്യർ വെറും ആൾക്കൂട്ടമായി മാറുന്നു എന്ന ചരിത്രപരമായ വിമർശനം മുന്നോട്ടുവെക്കുന്ന കൃതി ഭാഷാപരമായും നൈതികമായും പുതിയ ഭാവുകത്വം സൃഷ്ടിച്ചിട്ടുണ്ടെന്ന് അവതാരകൻ അവകാശപ്പെട്ടു.
അവതരണങ്ങളെ തുടർന്ന് ഓരോ കൃതിയെയും കുറിച്ചുള്ള ചർച്ച നടന്നു. അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളിലെല്ലാം വെറും ആൾക്കൂട്ടങ്ങളായി മാറുന്ന ജനതയെ സൃഷ്ടിക്കുന്ന വർത്തമാനകാല ഇന്ത്യൻ യാഥാർഥ്യങ്ങളുണ്ടെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സംവാദത്തിൽ ബീന, സഫറുദ്ദീൻ, നജിം കൊച്ചുകലുങ്ക്, ശിഹാബ് കുഞ്ചീസ്, പ്രഭാകരൻ, വിനോദ്, ബിജു തായമ്പത്ത് എന്നിവർ പങ്കെടുത്തു. എം. ഫൈസൽ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.