ശനിയാഴ്ച വരെ പൊടിക്കാറ്റിന് സാധ്യത
text_fieldsയാംബു: സൗദി അറേബ്യയിൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ശനിയാഴ്ച വരെ പൊടിക്കാറ്റ് തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ചില പ്രദേശങ്ങളിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ജാഗ്രത കൈക്കൊള്ളണമെന്നും അധികൃതർ ഓർമപ്പെടുത്തി.
ബുധൻ, വ്യാഴം ദിവസങ്ങളിൽ തബൂക്ക്, അൽ ജൗഫ്, ഹാഇൽ, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിൽ ഭൗമോപരിതല കാറ്റിന്‍റെ വേഗം മണിക്കൂറിൽ 60 കിലോമീറ്ററാകും.
സൗദിയോടൊപ്പം മറ്റ് ജി.സി.സി രാജ്യങ്ങളിലും പൊടിക്കാറ്റ് ശക്തമായതായി റിപ്പോർട്ടുണ്ട്. ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസം പൊടിക്കാറ്റ് മൂലം ജനജീവിതം ദുസ്സഹമാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദിയിൽ പല ഭാഗങ്ങളിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുമെന്നും ദൂരക്കാഴ്ച മങ്ങുമെന്നതിനാൽ റോഡുകളിൽ യാത്ര ചെയ്യുന്നവരും വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കൃത്യമായ സുരക്ഷാ അകലം പാലിച്ച് മിതമായ വേഗത്തിൽ മാത്രം വാഹനമോടിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ കാറ്റ് തീവ്രമായ വിവിധ പ്രദേശങ്ങളിൽ കെട്ടിടങ്ങളും വാഹനങ്ങളും പൊടിയണിഞ്ഞ അവസ്ഥയിലാണിപ്പോഴും. അൽഖസീം, റിയാദ്, നജ്‌റാൻ, രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങൾ, മക്ക, മദീന, അസീർ, അൽബഹ തുടങ്ങിയ പ്രദേശങ്ങളിലും പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നൽകി. ഗൾഫ് രാജ്യങ്ങളിൽ വീശുന്ന പൊടിക്കാറ്റിന്‍റെ പ്രഭവകേന്ദ്രം ജോർഡൻ ആണെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
വടക്കൻ സൗദിയിലെ അൽജൗഫിലൂടെ രാജ്യത്തേക്ക് കടന്ന കാറ്റ് റിയാദ്, അൽഖസീം, ഹാഇൽ, കിഴക്കൻ പ്രവിശ്യകളിലേക്കും ആഞ്ഞുവീശി. അസ്ഥിര കാലാവസ്ഥയെ തുടർന്ന് മിക്ക രാജ്യങ്ങളിലെയും സിവിൽ ഡിഫൻസ് അതോറിറ്റി ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പൊടിക്കാറ്റ് വീശുന്ന സന്ദർഭങ്ങളിൽ ആളുകൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും വാഹനം കാണാൻ കഴിയാത്ത വിധം അന്തരീക്ഷം പൊടിമൂടി ഇരുണ്ട് നിൽക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. പൊടിക്കാറ്റ് നേരിട്ട് ശരീരത്തിൽ ഏൽക്കാതെ ശ്രദ്ധിക്കണം. മാസ്ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ. ശുദ്ധമായ വെള്ളമുപയോഗിച്ച് മുഖവും കണ്ണും കഴുകണമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.