ചന്ദ്രയാൻ വിജയം ആഗോള രാജ്യങ്ങൾക്കും ഉപകരിക്കും -ഇന്ത്യൻ എംബസി
text_fieldsദമ്മാം: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിൽനിന്ന് ലഭിക്കുന്ന അറിവ് മനുഷ്യരാശിയുടെ, പ്രത്യേകിച്ച് ആഗോള രാജ്യങ്ങളുടെ നേട്ടത്തിനും പുരോഗതിക്കും ഉപയോഗിക്കുമെന്ന് ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എംബസിയുടെ വാർത്തക്കുറിപ്പ്. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ മഹത്തായ നേട്ടത്തെ അഭിനന്ദിക്കാനാണ് കേന്ദ്രമന്ത്രിസഭ പ്രമേയം പാസാക്കിയത്.
ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയ ലോകത്തിലെ നാല് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. ഒപ്പം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തിയ ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) മൂന്നാമത്തെ ചന്ദ്രദൗത്യമാണ് വിജയം കണ്ടത്. ഇന്ത്യൻ സമയം 18.04 ന് വിക്രം ലാൻഡർ എന്ന അതിന്റെ ബഹിരാകാശ പേടകം ചന്ദ്രനിൽ ഇറങ്ങിയ നിമിഷം ഇന്ത്യ പുതുചരിത്രം എഴുതുകയായിരുന്നു.
ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്നും കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചു. ചന്ദ്രനിൽ നിന്ന് റോവർ അയക്കുന്ന ചിത്രങ്ങൾ ചന്ദ്രന്റെയും അതിനപ്പുറം നിഗൂഢതകളെക്കുറിച്ചുമുള്ള വിലപ്പെട്ട അറിവുകളിലേക്ക് വെളിച്ചം വീശും. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഇന്ത്യ നടപ്പാക്കിയ ഗവേഷണാത്മകമായ നവീകരണ പദ്ധതികളുടെ വിജയം കൂടിയാണ് ചന്ദ്രയാൻ വിജയം. നിരവധി നേട്ടങ്ങളാണ് ഇക്കാലത്ത് ഇന്ത്യക്ക് കൈവരിക്കാനായത്.
ചന്ദ്രയാൻ-3 ന്റെയും ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെയും വിജയത്തിന് വലിയൊരു വിഭാഗം വനിത ശാസ്ത്രജ്ഞരുടെ സംഭാവനയെ പ്രമേയം അംഗീകരിച്ചു. വരും വർഷങ്ങളിൽ നിരവധി വനിത ശാസ്ത്രജ്ഞരെ പ്രചോദിപ്പിക്കുമെന്നും കേന്ദ്ര മന്ത്രിസഭ വിലയിരുത്തി. ബഹിരാകാശ മേഖലയിൽ സൗദി അറേബ്യയുമായി ഇന്ത്യക്ക് സജീവമായ സഹകരണമുണ്ട്. ഐ.എസ്.ആർ.ഒയും സൗദി സ്പേസ് കമീഷനും (എസ്.എസ്.സി) കഴിഞ്ഞ കുറെക്കാലങ്ങളായി സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്. 2023 മാർച്ചിൽ സി.ഇ.ഒ എസ്.എസ്.സിയുടെ നേതൃത്വത്തിൽ സൗദി പ്രതിനിധി സംഘം ഐ.എസ്.ആർ.ഒ സന്ദർശിച്ചു. 2023 ജൂലൈ ആറ്, ഏഴ് തീയതികളിൽ ബംഗളൂരുവിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി 20 സ്പേസ് ഇക്കണോമി ലീഡേഴ്സ് മീറ്റിങ്ങിന്റെ നാലാമത് എഡിഷനിൽ സി.ഇ.ഒ എസ്.എസ്.സിയും പങ്കെടുത്തു. 2022-ൽ സൗദി സ്പേസ് കമീഷൻ രണ്ട് സൗദി ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നതിന് സ്പേസുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചു.
2023 മേയ് മാസത്തിൽ സൗദി ബഹിരാകാശ യാത്രികരായ റയാന ബെർണാവിയും അലി അൽ-ഖർനിയും കേപ് കനാവറിലെ കെന്നഡി സ്പേസ് സെൻററിൽനിന്ന് യാത്രയായതും ഇതിന്റെ ഭാഗമാണ്.
ഇന്ത്യയുടെ ചരിത്രവിജയം സൗഹൃദ രാഷ്ട്രമെന്ന നിലയിൽ സൗദി അറേബ്യക്കും പ്രയോജനപ്പെടും എന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.