ചാണ്ടി ഉമ്മന്റെ വിജയം ചരിത്ര ഭൂരിപക്ഷത്തോടെയാകും -ഒ.ഐ.സി.സി
text_fieldsജിദ്ദ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയായി അഡ്വ. ചാണ്ടി ഉമ്മൻ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഒ.ഐ.സി.സി മിഡിലീസ്റ്റ് കൺവീനറും സൗദി വെസ്റ്റേൻ റീജനൽ കമ്മിറ്റി പ്രസിഡന്റുമായ കെ.ടി.എ. മുനീർ പറഞ്ഞു.
ഒ.ഐ.സി.സി പ്രവർത്തകരോടൊപ്പം രണ്ടു ഘട്ടങ്ങളിലായി വിവിധ ദിവസങ്ങളിൽ മണ്ഡലത്തിൽ നടത്തിയ യു.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾകൊണ്ടുള്ള വിലയിരുത്തലാണ് ഇത്. ജനങ്ങളെ ദുരിതത്തിലാകുന്ന നികുതി, സെസ് വർധനയിലൂടെ ലഭിക്കുന്ന വരുമാനം അഴിമതികളിലൂടെ കൈക്കലാക്കുന്ന ഭരണരീതിയാണ് കേരളത്തിലുള്ളതെന്നും ഇതിനെതിരെയുള്ള സാധാരണ വോട്ടർമാരുടെ ശക്തമായ പ്രതികരണമായിരിക്കും ഈ വിധിയെഴുത്തെന്നും മുനീർ പറഞ്ഞു.
നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളായ മീനടം, പുതുപ്പള്ളി, പാമ്പാടി, മണർക്കാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണ പ്രവർത്തനങ്ങൾ. ഗൃഹ സന്ദർശന പരിപാടികൾ, പ്രവാസി കുടുംബങ്ങളുമായുള്ള ആശയസംവാദങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ബസ് സ്റ്റോപ്പുകൾ എന്നിവയിലൂടെയുള്ള വോട്ട് അഭ്യർഥന എന്നിവ സംഘടിപ്പിച്ചു. മണ്ഡലത്തിൽ ആഴ്ചകളോളം തങ്ങി ജിദ്ദ ഒ.ഐ.സി.സിയുടെ കഴിഞ്ഞകാല നേതാക്കളും നിലവിലെ പ്രവർത്തകരുമായ 25ഓളം പേർ വിവിധ പരിപാടികളിൽ പങ്കെടുത്തു.
കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ ശശി തരൂർ എം.പി, എ.കെ. ആന്റണി, രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ തുടങ്ങിയവരുടെ പ്രചാരണ പരിപാടികളിലും ജിദ്ദ ഒ.ഐ.സി.സി പ്രവർത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടന പരിപാടിയിലും ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മന്റെയും, മുസ്ലിംലീഗ് നേതാവ് ടി.വി. ഇബ്രാഹിം എം.എൽ.എയുടെയും കൂടെ വിവിധ കേന്ദ്രങ്ങളിലെ പരിപാടികളിലും ജിദ്ദ ഒ.ഐ.സി.സി പ്രവർത്തകർ പങ്കെടുത്തു.
ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, ഒ.ഐ.സി.സി/ഇൻകാസ് ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രാജു കല്ലുംപുറം, കൺവീനർ സജി ഔസേപ്പ് പിച്ചകശ്ശേരി, സൗദി പ്രസിഡൻറ് ബിജു കല്ലുമല, ജിദ്ദ ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ജിദ്ദ ഹെൽപ് ഡെസ്ക് കൺവീനർ അലി തെക്കുതോട്, ജോഷി വർഗീസ്, സമദ് കിണാശ്ശേരി, ഷിനു ജമാൽ എറണാകുളം, റിജേഷ് നാരായണൻ തബൂക്ക്, ഒ.ഐ.സി.സി മുൻകാല നേതാക്കന്മാരായ ചെമ്പൻ മൊയ്തീൻകുട്ടി, കെ.എം. ശരീഫ് കുഞ്ഞു, കുഞ്ഞാലി ഹാജി, കുഞ്ഞി മൊയ്തീൻ അഞ്ചാലൻ, പി.പി. ആലിപ്പു, സാക്കിർ അലി കണ്ണേത്ത്, മുസ്തഫ മമ്പാട്, നിസാർ അമ്പലപ്പുഴ, അബ്ദുസ്സലാം പോരുവഴി, ഐ.സി. അബ്ദുസ്സലാം, ശിഹാബ് കൊച്ചിൻ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.