സൗദി വിസിറ്റ് വിസ നിയമത്തിൽ മാറ്റം; വിസയുടെ കാലാവധിയും കാറ്റഗറിയും സൗദി എംബസികൾ തീരുമാനിക്കും
text_fieldsറിയാദ്: സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസകളുടെ കാര്യത്തിൽ വീണ്ടും മാറ്റം. സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ ഏത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ അപ്ലിക്കേഷൻ പോർട്ടലിൽനിന്ന് പൂർണമായും പിൻവലിച്ചു. ബുധനാഴ്ച മുതലാണ് പോർട്ടലിൽനിന്ന് ഈ ഓപ്ഷൻ കാണാതായത്. പകരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഒരു അറിയിപ്പാണ്. വിസയുടെ കാലാവധി, സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ എന്നത്, സൗദിയിലെ താമസകാലം എന്നിവ വിസ സ്റ്റാമ്പിങ് സമയത്ത് അതത് രാജ്യങ്ങളിലെ സൗദി എംബസികൾ തീരുമാനിക്കുമെന്നാണ് ആ അറിയിപ്പിൽ പറയുന്നത്.
നിലവിലെ സംവിധാനം വഴി വിസക്ക് അപേക്ഷിക്കാം. എന്നാൽ കാലാവധിയും വിസയുടെ തരമായ സിംഗിളോ മൾട്ടിപ്പിളോ എന്നതും അപേക്ഷിക്കുമ്പോൾ നിശ്ചയിക്കാനാവില്ല. അത് വി.എഫ്.എസ് വഴി വിസ സ്റ്റാമ്പിങ്ങിന് അയക്കുമ്പോൾ എംബസിയാണ് തീരുമാനിക്കുക. സിംഗിളോ മൾട്ടിപ്പിളോ ഏതാണ് കിട്ടുകയെന്നും എത്ര കാലത്തേക്കുള്ള വിസ ആയിരിക്കുമെന്നും മുൻകൂട്ടി അറിയാനാവില്ലെന്ന് ചുരുക്കം. സ്റ്റാമ്പിങ് നടപടി പൂർത്തിയാക്കി പാസ്പോർട്ട് കൈയിൽ കിട്ടുമ്പോൾ മാത്രമേ അറിയൂ.
ഈ വർഷം ജനുവരി 31ന് മൾട്ടിപ്പിൾ റീഎൻട്രി വിസിറ്റ് വിസ ഓപ്ഷൻ ഒഴിവാക്കിയിരുന്നു. 18 ദിവസത്തിനുശേഷം അത് പുനഃസ്ഥാപിച്ച് വീണ്ടും വിസ അനുവദിച്ചുതുടങ്ങിയെങ്കിലും സ്റ്റാമ്പ് ചെയ്ത് കിട്ടിയിരുന്നില്ല. മൾട്ടിപ്പിൾ റീഎൻട്രി വിസയുമായി സമീപിക്കുമ്പോൾ സിംഗിൾ എൻട്രി മാത്രമേ നിലവിലുള്ളൂ എന്ന മറുപടിയാണ് വി.എഫ്.എസ് കേന്ദ്രങ്ങളിൽനിന്ന് കിട്ടിയിരുന്നത്.
നാട്ടിലെ സ്കൂൾ അവധിക്കാലത്ത് വിസിറ്റ് വിസയിൽ സൗദിയിലേക്ക് വരാൻ കാത്തിരുന്ന പ്രവാസി കുടുംബങ്ങൾ ഉൾെപ്പടെയുള്ളവർ ഇതോടെ നിരാശയിലായി. ഹജ്ജിന് മുന്നോടിയായുള്ള നിയന്ത്രണമായിരിക്കുമെന്നാണ് കരുതിയിരുന്നത്. ഹജ്ജ് കഴിഞ്ഞാൽ ഒരു വർഷത്തേക്ക് സ്റ്റാമ്പ് ചെയ്തുകിട്ടിയേക്കും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.