വിസ നിയമത്തിലെ മാറ്റം സൗദിയിലേക്കുള്ള വരവ് എളുപ്പമാക്കി -ആര്യാടൻ ഷൗക്കത്ത്
text_fieldsറിയാദ്: വിസ നിയമത്തിലുണ്ടായ മാറ്റം സൗദി അറബ്യേയിലേക്കുള്ള വരവ് എളുപ്പമാക്കിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. അടുത്തകാലത്തുണ്ടായ ഈ മാറ്റത്തിെൻറ ഗുണഭോക്താവ് കൂടിയാണ് താൻ. ഇലക്ട്രോണിക് വിസയിലാണ് (ഇ-വിസ) റിയാദ് എയർപോർട്ടിൽ ഇറങ്ങിയത്. മുൻകാലങ്ങളിൽ പാസ്പോർട്ട് ഡൽഹിയിലേക്കോ മുംബൈയിലേക്കോ അയച്ച് വിസ സ്റ്റാമ്പ് ചെയ്യുന്നതും കാത്ത് നിൽക്കേണ്ടതുണ്ടായിരുന്നു. അത് മറ്റ് യാത്രകൾക്ക് തടസ്സം സൃഷ്ടിക്കുന്നതും പതിവായിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ മണിക്കൂറുകൾക്കകം ഇ-വിസ നേടി സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനുള്ള സൗകര്യമാണ് വന്നിരിക്കുന്നത്. എല്ലാ മേഖലയിലുമുള്ള മാറ്റങ്ങൾ സൗദിയിലേക്ക് വരാൻ പ്രേരിപ്പിക്കുന്നതാണെന്നും ആര്യാടൻ ഷൗക്കത്ത് ‘ഗൾഫ് മാധ്യമ’ത്തേട് പറഞ്ഞു. സൗദി ഒ.ഐ.സി.സി സംഘടിപ്പിക്കുന്ന ‘ചിന്തൻ ശിവിർ’ എന്ന പഠന ക്യാമ്പിൽ പങ്കെടുക്കാൻ റിയാദിലെത്തിയതായിരുന്നു അദ്ദേഹം.
സൗദി അറേബ്യയുടെ മാറ്റം രാജ്യത്തിന്‍റെ മുഖമായ വിമാനത്താളത്തിൽ വന്നിറങ്ങുമ്പോൾ തന്നെ അനുഭവിക്കാനാകുന്നുണ്ട്. മൂന്ന് വർഷം മുമ്പാണ് അവസാനമായി സൗദിയിലെത്തിയത്. പിന്നീട് വരുന്നത് ഇന്നാണ്. അന്നും ഇന്നും താരതമ്യം ചെയ്യുമ്പോൾ അത്ഭുതകരമായ മാറ്റത്തിനാണ് സൗദി അറേബ്യ സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഹ്രസ്വകാല സന്ദർശനത്തിനായി കഴിഞ്ഞ ദിവസം യു.എ.ഇയിൽ ആയിരുന്നു. മുൻകാലങ്ങളിൽ ദുബൈ വിമാനത്താവളത്തിലെ സേവന രീതിയും സൗദിയിലെ രീതിയും വലിയ അന്തരമുണ്ടായിരുന്നു. എന്നാൽ കുറഞ്ഞ കാലം കൊണ്ട് ടെക്നോളജിയിലും സേവന സംവിധാനത്തിലും സൗദി ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അതിഥികൾക്ക് ലഭിക്കുന്ന എല്ലാ പരിഗണയും സേവനവും ഏറ്റവും മികച്ച രീതിയിൽ റിയാദ് എയർപോർട്ടിൽ ലഭിച്ചു. സൗദി അറേബ്യയെ കുറിച്ചും കിരീടാവകാശിയുടെ ‘വിഷൻ 2030’ പദ്ധതികളെ കുറിച്ചും വായിച്ചും കേട്ടുമുള്ള അറിവുണ്ടായിരുന്നു. എന്നാൽ നേരിട്ടുള്ള അനുഭവം അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തിയെന്നും കുറഞ്ഞ സമയം കൊണ്ട് അടിമുടി മാറ്റം വരുത്തിയ കാഴ്ചപ്പാടുള്ള ഭരണാധികാരികൾ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാഹചര്യം സൗദിയിൽ പ്രവാസി സമൂഹത്തിന് തൊഴിൽ രംഗത്തും സംരംഭക രംഗത്തും സാധ്യതകൾ വർധിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.